വാണിയക്കാട് പൊക്കാളി പാടശേഖരം അനധികൃതമായി നികത്തുന്നു

വാണിയക്കാട് പൊക്കാളി പാടശേഖരം മണ്ണിട്ട് നികത്തിയപ്പോൾ
പറവൂർ
പറവൂർ നഗരസഭയും കോട്ടുവള്ളി പഞ്ചായത്തും അതിർത്തിപങ്കിടുന്ന വാണിയക്കാട് പാലത്തിനുസമീപം പൊക്കാളി പാടശേഖരം അനധികൃതമായി നികത്തുന്നു. ജോൺ ജോർജ് കരുവേലിലിന്റെ ഉടമസ്ഥതയിലുള്ളതാണ് പാടശേഖരം. നാട്ടുകാരുടെ പരാതിയെ തുടർന്ന് കോട്ടുവള്ളി വില്ലേജ് ഓഫീസർ നിലംനികത്തൽ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉടമയ്‌ക്ക് നോട്ടീസ് നൽകി.
വർഷങ്ങളായി പൊക്കാളി കൃഷി ചെയ്തിരുന്ന പാടശേഖരം 2014 മുതൽ തരിശിട്ടനിലയിലാണ്. 2014ൽ പാടശേഖരം നികത്താനുള്ള ശ്രമം സിപിഐ എം പ്രവർത്തകർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനെതിരെ അന്നത്തെ വാണിയക്കാട് ബ്രാഞ്ച് സെക്രട്ടറിക്കുനേരെ നിലംനികത്തൽ മാഫിയാസംഘം വധഭീഷണി മുഴക്കിയെങ്കിലും പിന്മാറാൻ സിപിഐ എം പ്രവർത്തകർ തയ്യാറായില്ല. 2014ൽ കെഎസ്-കെടിയു, കർഷകസംഘം നേതൃത്വത്തിൽ സമരം നടത്തുകയും എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ജനരോഷം ഉയർന്നതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയും തുടർന്ന് നികത്താനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തതാണ്.
ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിലടക്കം ഭരണമാറ്റം ഉണ്ടായതോടെയാണ് അനധികൃത നികത്തൽ വീണ്ടും തുടങ്ങിയത്. നികത്താനായി കൽപ്പൊടിയുമായി വന്ന വാഹനങ്ങൾ ജനങ്ങൾ തടഞ്ഞ് വൻ പ്രതിഷേധമുയർത്തി. പ്രദേശത്തെ ജനപ്രതിനിധിയുടെ പിന്തുണയോടെയാണ് നികത്തൽ ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. സ്റ്റോപ്പ് മെമ്മോ ലഭിച്ചതിനെ തുടർന്ന് നികത്തൽ നിർത്തിവച്ചെങ്കിലും ഉന്നത ഇടപെടലിൽ വീണ്ടും നടത്തുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. അനധികൃത നിലംനികത്തൽ അനുവദിക്കില്ലെന്നും ശക്തമായ സമരം നടത്തുമെന്നും സിപിഐ എം പ്രാദേശിക പ്രവർത്തകർ പറഞ്ഞു.








0 comments