കളമശേരിയിലെ സ്കൂളുകളിൽ 30 കോടിയുടെ വികസനം: മന്ത്രി പി രാജീവ്

ആലുവ
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കളമശേരി മണ്ഡലത്തിലെ സ്കൂളുകളിൽ 30 കോടി രൂപയുടെ വികസനം നടപ്പാക്കിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ശതാബ്ദി പിന്നിട്ട മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 3.6 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടസമുച്ചയവും കവാടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖല ശരിയായ രീതിയിൽ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം. ജീവിതവുമായി ബന്ധപ്പെട്ട പഠനരീതിയാണ് നടപ്പാക്കുന്നത്. ഒപ്പം പദ്ധതിയിലൂടെ മണ്ഡലത്തിന്റെ സമഗ്രവികസനവും വളർച്ചയുമാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുകോടി രൂപയും എഫ്എസിടിയുടെ പൊതുനന്മ ഫണ്ട് 2.60 കോടിയുമാണ് സ്കൂൾ നിർമാണത്തിനായി മന്ത്രി പി രാജീവ് ലഭ്യമാക്കിയത്. ഹൈടെക് ക്ലാസ് മുറികൾ, ഓഫീസ് അടക്കം 12 മുറികളും കവാടവുമാണ് നിർമിച്ചത്.
എഫ്എസിടി ടെക്നിക്കൽ ഡയറക്ടർ ഡോ. കെ ജയചന്ദ്രൻ മുഖ്യാതിഥിയായി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, എഫ്എസിടി ചീഫ് ജനറൽ മാനേജർ കെ ബി ജയരാജ്, വിദ്യാഭ്യാസവകുപ്പ് ഡിഡി സുബിൻ പോൾ, പ്രിൻസിപ്പൽ പി എസ് ലിജ, പ്രധാനാധ്യാപിക ഡോ. ദീപ വി നായർ, കെ എൻ രാജീവ്, വി എം ശശി, ടി കെ ഷാജഹാൻ എന്നിവർ സംസാരിച്ചു.









0 comments