കുതിപ്പോടെ കളമശേരി ; ഒരുമാസം തുടക്കമായത് 150 കോടിയുടെ പദ്ധതികൾ

കളമശേരി
കളമശേരി മണ്ഡലത്തിൽ ഒരുമാസത്തിനുള്ളിൽ തുടക്കമായത് 150 കോടി രൂപയുടെ വികസന പദ്ധതികൾ. തദ്ദേശവാർഡുകളിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയറിൽ ഉയർന്ന ആവശ്യങ്ങൾ നിറവേറ്റാൻ മൂന്ന് കോടി അനുവദിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു.
റോഡുകൾക്കായി 21. 27 കോടി
ശബരിമല തീർഥാടകർക്കായി മാഞ്ഞാലി– തടിക്കക്കടവ് റോഡിന്- 7.8 കോടി, ആലുവ–പറവൂർ റോഡിന് 10 കോടി, ആറ്റിപുഴക്കാവ്–ആറാട്ടുകടവ് റോഡിന് 68 ലക്ഷം, കല്ലുപാലം–മാഞ്ഞാലി റോഡിന് 49 ലക്ഷം, ഡൊമിനിക്കോസ് റോഡ് 30.5 ലക്ഷം, നെല്ലിക്കാപറമ്പ്–തൈത്തറക്കടവ് റോഡിന് രണ്ട് കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
ഇ ബാലാനന്ദൻ ഗവേഷണ സ്ഥാപനത്തിന് ഒരു കോടി
ഇ ബാലാനന്ദന്റെ സ്മരണയ്‌ക്കായി കളമശേരി പ്രീമിയർ ജങ്‌ഷനുസമീപം നിർമിക്കുന്ന ഗവേഷണ സ്ഥാപനത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചു. പടിഞ്ഞാറേ കടുങ്ങല്ലൂർ ബ്രാഞ്ച് കനാൽ അലൈൻമെന്റ് പുതുക്കാൻ 46 ലക്ഷം, വെള്ളക്കെട്ട് നിവാരണത്തിനായി മൂലേപ്പാടത്ത് 3.5 കോടിയുടെ പുഷ്ത്രു കൽവർട്ടും പൊട്ടച്ചാലിൽ 14.5 കോടിയുടെ വെള്ളക്കെട്ട് നിവാരണ പദ്ധതിയും നടപ്പാക്കി. സ്വയംതൊഴിൽ കണ്ടെത്താൻ വായ്പമേളകൾ സംഘടിപ്പിക്കും.
മഞ്ഞുമ്മലിൽ പകൽവീട്
മഞ്ഞുമ്മലിൽ പുതിയ പകൽവീട്- പ്രവർത്തനം തുടങ്ങി. കുന്നുകരയിലെ പകൽവീട് ഫലപ്രദമാക്കും. ഇടപ്പള്ളിമുതൽ ചാക്കോളാസുവരെ ദേശീയപാതയിൽ പാർക്കിങ്ങിനായി പ്രത്യേകം മാർക്ക് ചെയ്യും. തേവയ്ക്കൽ ജങ്‌ഷൻ വികസന നടപടികൾ പുരോഗമിക്കുകയാണ്. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി ഫാം ടു കിച്ചൻ വിപണന വാഹനം പ്രവർത്തനം ആരംഭിച്ചു. ഏലൂർ പൊലീസ് സ്റ്റേഷനുസമീപം, തടിക്കക്കടവ്, സോഷ്യൽ പള്ളിയുടെ സമീപം എന്നിവിടങ്ങളിൽ ഓപ്പൺ ജിം ഒരുക്കും. എയർപോർട്ട് റോഡിനുസമീപം പുതിയ പാർക്ക് സ്ഥാപിക്കും.
100 കോടി ചെലവിൽ സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
നൂറുകോടി രൂപ ചെലവിൽ കളമശേരിയിൽ സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണപത്രം ഒപ്പുവച്ചു. ടിസിസി വിട്ടുനൽകിയ ഭൂമിയിൽ നാലേക്കറിൽ 1.10 ലക്ഷം ചതുരശ്രയടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഉയരും. മൂന്നുമാസംമുതൽ ആറുമാസംവരെ ദൈർഘ്യമുള്ള കോഴ്സുകൾക്ക് 1600 വിദ്യാർഥികളെ ഓരോ വർഷവും പ്രവേശിപ്പിക്കും.









0 comments