എൽഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് കൺവൻഷൻ
കളമശേരിയിൽ വികസനത്തിനൊപ്പം നിൽക്കുന്ന ഭരണമുണ്ടാകണം: പി രാജീവ്

കളമശേരി
സംസ്ഥാനം വികസനക്കുതിപ്പുമായി മുന്നേറുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിയുന്ന ഭരണം കളമശേരി നഗരസഭയിലുമുണ്ടാകണമെന്ന് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളമശേരി നഗരസഭ എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യൽ സിറ്റി, ക്യാൻസർ സെന്റർ, മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങിയവ ഉൾപ്പെടെ വൻ വികസനക്കുതിപ്പിന് സാക്ഷിയാകുന്ന കളമശേരിയിൽ അതിനൊത്ത വികസനക്കാഴ്ചപ്പാടുള്ള ഭരണസമിതിയുണ്ടാകണം. അതിന് എൽഡിഎഫിനെ വിജയിപ്പിക്കണം. നഗരസഭയിലെ മാലിന്യസംഭരണ കേന്ദ്രം ഒമ്പതുകോടി രൂപ ചെലവിൽ വീണ്ടെടുക്കൽ, 17.5 കോടി രൂപ ചെലവഴിച്ച് എൻഎഡി റോഡ് വികസനം എന്നിവ സംസ്ഥാന സർക്കാർ പദ്ധതികളാണ്. സംസ്ഥാന വ്യാപകമായി അഞ്ചുലക്ഷം വീടുകൾ നിർമിച്ചുനൽകിയ ലൈഫ് പദ്ധതിപോലും നടപ്പാക്കാത്ത നഗരസഭയാണ് കളമശേരിയെന്നും പി രാജീവ് പറഞ്ഞു.
സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം എസ് രമേശൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ ചന്ദ്രൻപിള്ള, എം ടി നിക്സൺ, കെ ബി വർഗീസ്, കെ എൻ ഗോപിനാഥ്, പി ഡി ജോൺസൺ, സാബു ജോർജ്, കെ എം എ ജലീൽ, പി കെ സുരേഷ്, പി എം മുജീബ് റഹ്മാൻ, വി എ സക്കീർ ഹുസൈൻ, എൻ സുരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments