സെെബർ തട്ടിപ്പിന് അറുതിയില്ല
ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം വാഗ്ദാനംചെയ്ത് 50.89 ലക്ഷം തട്ടി

കാക്കനാട്
ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് തൃക്കാക്കര സ്വദേശിയിൽനിന്ന് 50.89 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കാക്കരയിലെ ഫ്ലാറ്റിൽ താമസിക്കുന്ന 52കാരൻ നൽകിയ പരാതിയിലാണ് നടപടി.
ഇൻസ്റ്റഗ്രാമിൽ വിവാഹവസ്ത്രങ്ങൾ വിൽക്കുന്നതിനായി ‘രംഗ്‌രൂപ് കാഷ്വൽസ്' എന്ന പേരിൽ പേജ് തുടങ്ങിയാണ് തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് പരാതി. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് വാട്‌സാപ്പിലൂടെ ബന്ധപ്പെട്ട ‘വൈദേഹി' എന്ന യുവതിയാണ് പിന്നീട് ഓൺലൈൻ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്തത്. ഇതിനായി icmarket indbh.com എന്ന വെബ്സൈറ്റിൽ പരാതിക്കാരനെക്കൊണ്ട് രജിസ്റ്റർ ചെയ്യിപ്പിച്ചു.
തുടർന്ന് വാട്‌സാപ്പിലൂടെയും വെബ്സൈറ്റിലൂടെയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം നേടിയെടുത്ത് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഒക്ടോബർ എട്ടുമുതൽ നവംബർ 15 വരെ പലതവണകളായാണ് 50,89,140 രൂപ കൈമാറിയത്. നിക്ഷേപിച്ച തുകയോ വാഗ്ദാനംചെയ്ത ലാഭമോ തിരികെലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ 19 ലക്ഷം തട്ടിയെടുത്തു
കൊച്ചി
എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 19 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്പനിയിലെ കംപ്ലയൻസ് മാനേജർ നൽകിയ പരാതിയിലാണ് കേസെടുത്തത്. 24ന് രാത്രി 11നും 25ന് പകൽ മൂന്നിനുമിടയിലായിരുന്നു തട്ടിപ്പ്. കമ്പനിയുടെ പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന ഫെഡറൽ ബാങ്കിന്റെ എപിഐ ഗേറ്റ്‌വേയിൽ തട്ടിപ്പുകാർ പ്രവേശിച്ച് ബാങ്കിലെ അക്കൗണ്ടിൽനിന്ന് ഏഴുതവണയായി 18,99,986 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പിലൂടെ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.








0 comments