കെങ്കേമമാക്കണം ഓണം
വിഭവസമൃദ്ധമാകട്ടെ സദ്യ

കൊച്ചി
വിലക്കയറ്റത്തിൽ വലയുന്പോഴും ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. ആഘോഷത്തിന്റെ ആരവങ്ങൾ ഉയരുകയാണെങ്ങും. വിഭവസമൃദ്ധമായ സദ്യതന്നെയാകണം ഇത്തവണയുമെന്നുറപ്പിച്ച് കഴിഞ്ഞു എല്ലാവരും. ആ മനസ്സറിഞ്ഞ് സദ്യ തയ്യാറാക്കുകയാണ് കാറ്ററിങ് യൂണിറ്റുകളും ഹോട്ടലുകളും റസ്‌റ്റോറന്ററുകളുമെല്ലാം. ഫോൺകോളിലോ ഒറ്റ ക്ലിക്കിലോ രുചിയൂറും സദ്യ വാഴയില സഹിതം പറയുന്ന സ്ഥലത്തെത്തും.
കുടുംബശ്രീ ഉൾപ്പെടെ ഓണസദ്യ നൽകാൻ രംഗത്തുണ്ട്. ജില്ലയിൽ 43 കാറ്ററിങ് യൂണിറ്റുകളാണ് കുടുംബശ്രീക്കുള്ളത്. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ ഉള്‍പ്പെടെയുള്ള കുടുംബശ്രീ ഓണസദ്യയ്ക്ക് 170 രൂപമുതലാണ് നിരക്ക്. ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, പാലട, പരിപ്പ് പായസം തുടങ്ങിയവ അരലിറ്റര്‍മുതല്‍ ലഭ്യമാകും. കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, സിഡിഎസുകള്‍ വഴിയും ബുക്ക് ചെയ്യാം. പോക്കറ്റ്‌മാർട്ട് മൊബൈൽ ആപ് വഴിയും ഓർഡർ നൽകാം.
പ്രമുഖ ഹോട്ടലുകളും റസ്‌റ്റോറന്റുകളുമെല്ലാം ഓണസദ്യ ലഭ്യമാക്കുന്നുണ്ട്. സദ്യക്ക് 400, 500, 550.... എന്നിങ്ങനെ പോകുന്നു നിരക്ക്. തിരുവോണത്തിന് മുന്പുള്ളതും അന്നത്തേയും നിരക്കിൽ വ്യത്യാസമുണ്ട്, വിഭവങ്ങളിലും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആകർഷകമായ ഓഫറുകളുമുണ്ട്.
മുൻകാലങ്ങളേക്കാൾ ഇത്തവണ ബുക്കിങ് കൂടുതലാണ്. സർക്കാർ, അർധസർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ, വിദ്യാഭ്യാ സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഓണാഘോഷം ആരംഭിച്ചു. നിലവിൽ സദ്യയുടെ പ്രധാന ആവശ്യക്കാർ ഇവരാണ്. ഇതിനൊപ്പം വിവിധ കാരണങ്ങളാൽ വീട്ടിലും ഫ്ലാറ്റിലും സദ്യ തയ്യാറാക്കാൻ കഴിയാത്തവരും സദ്യക്കായി എത്തുന്നുണ്ട്. എന്നാൽ, വിപണിയിലെ വിലക്കയറ്റംമൂലം കഴിഞ്ഞവർഷത്തേക്കാൾ സദ്യക്ക് വില വർധിച്ചു.










0 comments