ദേശീയപാത നിർമാണത്തിലെ അപാകം പരിഹരിക്കണം
താക്കീതായി ജനകീയമാർച്ച്

ദേശീയപാത നിർമാണത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കലവൂരിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധമാർച്ച് ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
ദേശീയപാത നിർമാണത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മാരാരിക്കുളം ഏരിയകമ്മിറ്റി സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് സമരത്തിൽ പങ്കെടുത്തത്. വളവനാട് കോൾഗേറ്റ് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കലവൂരിൽ സമാപിച്ചു.
കലവൂരിലെ അടിപ്പാത പ്രശ്നം പരിഹരിക്കുക, ബസ് സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും പുനസ്ഥാപിക്കുക, വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാമെന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സ്വകാര്യ ബസ് സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും കലവൂരിൽ നിർമിക്കുമെന്ന് ജില്ലാ ഭരണവും ദേശീയപാത അതോറിറ്റിയും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎ ആയിരുന്ന പി പി ചിത്തരഞ്ജന് ഉറപ്പു നൽകിയിരുന്നു. ഇതൊന്നും പാലിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അധികൃതർ.
കലവൂരിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാപഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ പി സ്‌നേഹജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ഡി അംബുജാക്ഷൻ, പ്രസന്ന രാജേന്ദ്രൻ, പാർട്ടി ഏരിയകമ്മിറ്റി അംഗങ്ങളായ പി പി സംഗീത, കെ എസ് വേണുഗോപാൽ, കെ പി ഉല്ലാസ്, ലോക്കൽ സെക്രട്ടറി പി തങ്കമണി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അഡ്വ. പി രഘുനാഥ് സ്വാഗതംപറഞ്ഞു.










0 comments