അതിഥിത്തൊഴിലാളികളുടെ മക്കളും ഓണം ആഘോഷിച്ചു

മൂവാറ്റുപുഴ ഗവ. ടിടിഎ യുപി സ്കൂളിൽ നടന്ന ഓണാഘോഷത്തിൽനിന്ന്
മൂവാറ്റുപുഴ
മൂവാറ്റുപുഴ ഗവ. ടിടിഐ യുപി സ്കൂളിലെ വിദ്യാർഥികളായ അതിഥിത്തൊഴിലാളികളുടെ മക്കൾ ഓണം ആഘോഷിച്ചു. മാവേലിയെ വരവേൽക്കാൻ ഓണക്കളികളും പൂക്കളവും ഒരുക്കി ഓണസദ്യയുണ്ട് ഇവർ മലയാള മക്കളായി.
സ്കൂളിൽ പഠിക്കുന്ന 70 കുട്ടികളും അതിഥിത്തൊഴിലാളികളുടെ മക്കളാണ്. പശ്ചിമബംഗാൾ, ഒഡിഷ, അസം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. പട്ടുപാവാടയും മുണ്ടും ഷർട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് കുട്ടികൾ വെള്ളിയാഴ്ച സ്കൂളിൽ എത്തിയത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ പിടിഎ ഇത്തവണയും ഓണാഘോഷത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കി.
പ്രീ പ്രൈമറി മുതൽ ചേർന്നവരും നാട്ടിൽ പഠനം നിർത്തി ഇവിടെയെത്തി തുടർന്നവരും ഉണ്ട്. കുട്ടികളെല്ലാം മലയാളം പഠിച്ചു. മാനുഷരെല്ലാരും ഒന്നുപോലെ എന്ന പാട്ടും കുട്ടികൾ ഏറ്റുപാടി. പ്രിൻസിപ്പൽ പി എസ് ഷിയാസ്, അധ്യാപകരായ ഡോ. ഡോൺ ബോസ്കോ ജോസഫ്, കെ സന്ധ്യ, ബിനി ബാലചന്ദ്രൻ, ഡിന സുബ്രഹ്മണ്യൻ, ഷഫ്ന സലിം, റോണി കുര്യൻ, ജിൻസി മോൾ, സ്കൂൾ ലീഡർമാരായ ദേഭാശിഷ്, ഉമാ സൽമ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.










0 comments