തൊഴിലുറപ്പിൽ കുടിശ്ശിക 35 കോടി കടന്നു
വരുന്നത് തൊഴിലില്ലാ കാലം


സ്വന്തം ലേഖകൻ
Published on Jun 18, 2026, 03:16 AM | 1 min read
കൊച്ചി
ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക 35 കോടി കടന്നു. തൊഴിലാളികൾക്ക് നൽകാനുള്ള കൂലി ഇനത്തിൽ ഉൾപ്പെടെ കുടിശ്ശിക വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പദ്ധതിയെ അട്ടിമറിക്കുന്ന വിബിജിആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പാക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. ഇതോടെ നിലവിലുള്ള കുടിശ്ശിക പോയിട്ട് വരുംനാളുകളിൽ തൊഴിലും കൂലിയും ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് വരാൻപോകുന്നത്.
2025–26 കാലയളവിൽ ജില്ലയിലെ കുടിശ്ശിക 32.09 കോടിയാണ്. നടപ്പ് സാന്പത്തികവർഷം ഇതുവരെയുള്ള കുടിശ്ശിക 3.19 കോടിയും. കൂലി കൊടുക്കാതെയും വൻതോതിൽ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചും പദ്ധതി ഇല്ലാതാക്കാനാണ് മോദി സർക്കാർ അധികാരത്തിൽ എത്തിയനാൾമുതൽ ശ്രമിച്ചിരുന്നത്. ഇതിന് ഒടുവിലാണിപ്പോൾ തൊഴിലുറപ്പ് പദ്ധതിതന്നെ പൂർണമായി ഇല്ലതാക്കാൻ ലക്ഷ്യമിട്ട് വിബിജിആർഎഎംജി കൊണ്ടുവന്നതും പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ നടപ്പാക്കാൻ തീരുമാനിച്ചതും. പുതിയ പദ്ധതിപ്രകാരം ചെലവുവിഹിതം കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും വഹിക്കണം. 1600 കോടിയുടെ അധിക ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാകുക. ഇതിനുപുറമെ നിരവധി കുടുംബങ്ങളെ പദ്ധതിയിൽനിന്ന് പുറത്താക്കാനുള്ള നിർദേശങ്ങളും കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു എൽഡിഎഫ് സർക്കാരിനുണ്ടായിരുന്നത്. നിലവിലെ പ്രതിസന്ധിയും തൊഴിലാളികളുടെ ആശങ്കയും പരിഹരിക്കാൻ യുഡിഎഫ് സർക്കാർ നടപടിയെടുത്തിട്ടില്ല. പദ്ധതി നടത്തിപ്പിനും അധിക തൊഴിൽദിനത്തിനും മതിയായ തുക നീക്കിവയ്‌ക്കേണ്ടതുണ്ട്. എന്നാൽമാത്രമെ തൊഴിലാളികൾക്ക് തൊഴിലും കൂലിയും നൽകാനാകൂ. ഇതിനുപുറമെ പദ്ധതി ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളും സ്വീകരിക്കണം.










0 comments