ഹെെക്കോടതിയിൽ റിപ്പോർട്ട് നൽകി
നൈറ്റ് ലൈഫ് കൂട്ടായ്മകൾ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ്

കൊച്ചി
നഗരത്തിലെ അനിയന്ത്രിതമായ നൈറ്റ് ലൈഫ് കൂട്ടായ്മകൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കൊച്ചി സിറ്റി പൊലീസ് ഹൈക്കോടതിയിൽ. ഡിജെ പാർട്ടികൾക്ക് രാത്രി 11നുശേഷം വിലക്കേർപ്പെടുത്തിയതിനെ ന്യായീകരിച്ചുള്ള കമീഷണറുടെ എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയന്ത്രണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര എളംകുളത്തെ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയിലാണ് പൊലീസിന്റെ വിശദീകരണം. ഹർജി പരിഗണിച്ച് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വാദത്തിനായി 13ലേക്ക് മാറ്റി.
പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന തങ്ങൾക്ക് പുലർച്ചെ മൂന്നുവരെ മദ്യവിൽപ്പനയ്ക്ക് എക്സൈസ് ലൈസൻസുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഡിജെ പാർട്ടികൾ നടത്തുന്നില്ല. എന്നിട്ടും വിലക്കിന്റെ മറവിൽ തുടർച്ചയായി നോട്ടീസുകൾ നൽകി പൊലീസ് പീഡിപ്പിക്കുകയാണെന്നും വാദിച്ചു. പൊലീസ് ഇത് തള്ളി. ലൈസൻസ് പ്രകാരമുള്ള മദ്യവിൽപ്പനയ്ക്ക് എതിരല്ല, എന്നാൽ, ക്രമസമാധാനപ്രശ്നങ്ങളുണ്ടായാൽ പൊലീസ് നിയമപരമായി ഇടപെടും.
പൊലീസ് ഉത്തരവ് ലംഘിച്ച് ഒട്ടേറെപ്പേർ ഒത്തുകൂടുന്ന ഡിജെ പാർട്ടികൾ ഹർജിക്കാരുടെ ഹോട്ടലിൽ നടത്തിയിട്ടുണ്ട്. ഇത്തരം ആഘോഷങ്ങളിലെ മയക്കുമരുന്ന് ഉപയോഗം, സംഘർഷം, അടിപിടി, ശബ്ദശല്യം തുടങ്ങിയ പരാതിയിൽ കടവന്ത്ര പൊലീസിൽ കേസുകൾ നിലവിലുണ്ട്. ഫർണിച്ചറും മറ്റും തല്ലിത്തകർത്തതിന് ഹോട്ടലുകാർതന്നെ പരാതി നൽകിയിട്ടുണ്ടെന്നും കമീഷണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നിയമവിരുദ്ധപ്രവർത്തനങ്ങളുമായി സമാനമായ റേവ് പാർട്ടികൾ മറ്റു പലയിടത്തും നടക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ പാർട്ടിക്കുശേഷം ലഹരി ഉപയോഗിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചതും ചൂണ്ടിക്കാട്ടി. ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ ലൈംഗികാതിക്രമവും കത്തിക്കുത്ത് കേസുമുണ്ടായി. ഈയിടെ നോർത്ത് ഗോവയിലെ നിശാക്ലബ്ബിന് തീപിടിച്ച് 25 പേർ മരിച്ചതും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നൈറ്റ് ലൈഫിന് നിയന്ത്രണം വേണമെന്ന് വിശദീകരിച്ചത്.










0 comments