ad
Deshabhimani

വഴിനീളെ കുഴികൾ; പറവൂരിലേക്ക്‌ ദുരിതയാത്ര

NH66 Road

തകര്‍ന്നുകിടക്കുന്ന മൂത്തകുന്നം–പറവൂര്‍ പാത

avatar
സ്വന്തം ലേഖകന്‍

Published on Sep 02, 2026, 12:50 AM | 1 min read

കൊച്ചി

മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിലേക്കുള്ള പ്രധാനപാതകളെല്ലാം തകർന്നനിലയിൽ. ആലുവ–പറവൂര്‍ റോഡും തൃശൂര്‍ ജില്ലയില്‍നിന്നുള്ള പ്രവേശനമാര്‍ഗമായ മൂത്തകുന്നം–പറവൂര്‍ റോഡും (ദേശീയപാത 66 പഴയപാത) തകര്‍ന്ന് വാഹനയാത്ര ദുരിതപൂർണമായ നിലയിലാണ്‌.


ദേശീയപാത കടന്നുപോകുന്ന ആലുവയിലെ പറവൂര്‍ കവലയില്‍ പറവൂരിലേക്ക് തിരിയുന്ന ഭാഗത്തെ റോഡിന്റെ പകുതിയോളം തകര്‍ന്നു. വന്‍ കുഴികളാണ് ഇവിടെ. വാഹനങ്ങള്‍ വളരെ വേഗത്തിലെത്തി കുഴിയില്‍ വീഴുന്നത് ഇവിടെ പതിവാണ്. ദേശത്തെ വീട്ടില്‍നിന്ന്‌ പറവൂരിലെ വീട്ടിലേക്ക് മുഖ്യമന്ത്രി എല്ലാ ആഴ്ചയും യാത്രചെയ്യുന്ന പാതയാണിത്. ഇവിടെനിന്ന്‌ പറവൂരിലേക്ക് 18 കിലോമീറ്റര്‍ ദൂരം റോഡില്‍ കുഴികള്‍ രൂപപ്പെട്ടപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ചില കുഴികള്‍ അടച്ചെങ്കിലും മഴയില്‍ വീണ്ടും ടാറിളകിപ്പോയി.


സ്വകാര്യ ബസ്‌സർവീസില്ലാത്ത റൂട്ടാണിത്. ആലുവ റെയില്‍വേ സ്റ്റേഷന്‍, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പ്രധാനയാത്രാപാതയും ഇതുതന്നെ.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിൽനിന്ന് പറവൂരിലേക്ക് 12 കിലോമീറ്റര്‍ദൂരം പിന്നിടാന്‍ ഇപ്പോള്‍ ഒരുമണിക്കൂറിലേറെ വേണം. ഈ പാത തകര്‍ന്ന് തരിപ്പണമായിട്ട് നാളേറെയായി. വന്‍കുഴികളാണ് റോഡ് നിറയെ.


ഇടുങ്ങിയ ഈ പാത തകര്‍ന്നതോടെ യാത്രാദുരിതത്തിനൊപ്പം അപകടങ്ങളും വര്‍ധിച്ചു. കൊടുങ്ങല്ലൂരില്‍നിന്ന്‌ പറവൂര്‍ പട്ടണത്തിലേക്ക് നേരിട്ടുള്ള ഒരേയൊരു പാതയായതിനാല്‍ എപ്പോഴും തിരക്കുമുണ്ട്‌. ദേശീയപാത 66ൽ പുതിയപാത മൂത്തകുന്നം പറവൂര്‍പാതയ്ക്ക് എതിര്‍വശത്തുകൂടിയാണ് കടന്നുപോകുന്നത്. പുതിയപാതയായ ഇടപ്പള്ളി–മൂത്തകുന്നം റീച്ച്‌ നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി ഡിസംബർവരെ നീട്ടിയിട്ടുണ്ട്. മൂത്തകുന്നം– പറവൂര്‍ പഴയപാത അതിവേഗം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ജനം വലയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home