ദേശീയപാത 66 ; വിപി തുരുത്ത് പാലത്തിന്റെ 2 പില്ലറുകൾ താഴേക്കിരുന്നു

പറവൂര്‍
ദേശീയപാത 66ല്‍ നിർമിക്കുന്ന മൂത്തക്കുന്നം വിപി തുരുത്ത് പാലത്തിന്റെ പില്ലറുകളില്‍ രണ്ടെണ്ണം താഴേക്കിരുന്നു. സ്റ്റീല്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചതിന് മുകളിലുള്ള കോണ്‍ക്രീറ്റ് ഡെക്റ്റ് സ്ലാബിലും ഉയരവ്യത്യാസമുണ്ടായി. വെള്ളി വൈകിട്ട് പാലത്തിനടിയില്‍ മീൻപിടിക്കാനെത്തിയവരാണ് ഇത് ആദ്യം കണ്ടത്. പിന്നീട് കരാര്‍കമ്പനി അധികൃതരെത്തി പ്രാഥമിക പരിശോധന നടത്തി. കോണ്‍ക്രീറ്റ് പണി നിര്‍ത്തിവച്ചു.
മൂത്തകുന്നത്തുനിന്ന് വിപി തുരുത്തിലേക്കുള്ള പാലത്തിന്റെ ഏഴാമത്തെ പില്ലറുകളില്‍ രണ്ടെണ്ണമാണ് ഒരുമീറ്ററോളം താഴേക്കിരുന്നത്. തൂണുകളില്‍ ടണ്‍കണക്കിന് ഭാരമുള്ള സ്റ്റീല്‍ ഗര്‍ഡറുകളും ഡെക്റ്റ് ഷീറ്റുകളും സ്റ്റീല്‍ റോഡുകളും സ്ഥാപിച്ച് കമ്പികള്‍പാകിയശേഷമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കോട്ടപ്പുറത്തെ രണ്ടു പാലങ്ങളുടെയും പണി നടക്കുന്നത്. കോട്ടപ്പുറം പഴയ പാലത്തിനോടുചേര്‍ന്നാണ് പുതിയ പാലം. പഴയ പാലം പണിയുമ്പോഴും ഈ ഭാഗത്തെ തൂണുകള്‍ താഴേക്കിരുന്നിരുന്നു. താല്‍ക്കാലിക ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പണിപൂർത്തിയാക്കിയത്.
കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് 50 ടണ്ണിലേറെ ഭാരമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് പുതിയ പാലത്തില്‍ സ്ഥാപിച്ചത്. ഉപ്പുവെള്ളപ്രദേശമായതിനാല്‍ സ്റ്റീല്‍ പാളികളില്‍ ആന്റി ട്രോസി പ്രൈമര്‍ പൂശിയിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്‌തശേഷം അതിനുമുകളില്‍ പുഴയില്‍നിന്നുള്ള ഉപ്പുവെള്ളം പമ്പ്ചെയ്ത് നനയ്ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. രണ്ടരവര്‍ഷംമുന്പ് പുഴയില്‍ പണിതീര്‍ത്ത തൂണുകളുടെ കോണ്‍ക്രീറ്റ് അടര്‍ന്നുപോകുന്നത് കണ്ടെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പണിനിര്‍ത്തിവച്ച് വിദഗ്ധസംഘം പരിശോധിച്ചശേഷം തൂണുകളില്‍ വീണ്ടും കന്പികെട്ടി പ്ലാസ്റ്ററിങ് നടത്തി ബലപ്പെടുത്തിയിരുന്നു.
പില്ലറുകള്‍ താഴ്ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദഗ്ധപരിശോധന ഉടന്‍ ഉണ്ടാകുമെന്നും കരാര്‍ക്കമ്പനി അധികൃതര്‍ പറഞ്ഞു. പൈലിങ്ങിന്റെ തകരാറായിരിക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹി ഓറിയന്റല്‍ സ്‌ട്രെക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂത്തകുന്നംമുതല്‍ ഇടപ്പള്ളിവരെയുള്ള റീച്ചിലെ പാലങ്ങളുടെയും റോഡുകളുടെയും കരാറെടുത്തിരിക്കുന്നത്.










0 comments