ദേശീയപാത 66 കോട്ടപ്പുറം- ഇടപ്പള്ളി റീച്ച് ; കടുവാങ്കുളം അത്താണി റോഡിൽ 10 കുടുംബങ്ങൾക്ക് വഴിയില്ലാതാകുന്നു

പറവൂർ
നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 കോട്ടപ്പുറം ഇടപ്പള്ളി റീച്ചിൽ കോട്ടുവള്ളി പഞ്ചായത്തിലെ കടുവാങ്കുളം -അത്താണി റോഡിലുള്ള പത്തോളം കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ വഴിയില്ലാതായെന്ന് പരാതി. നാട്ടുകാർ ഇവിടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ദേശീയപാതയ്‌ക്കായി രണ്ടുതവണ ഭൂമി വിട്ടുനൽകിയവരാണ് അധികൃതരുടെ പിടിവാശിമൂലം സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതത്തിലായത്. ഇവിടെയുള്ള പാലം 32 മീറ്ററിലാണ് നിർമിച്ചിട്ടുള്ളത്. എന്നാൽ, പാലം അവസാനിക്കുന്ന വടക്കുഭാഗത്ത് റോഡ് നിർമിക്കുന്നത് 45 മീറ്ററിലാണ്. സർവീസ് റോഡില്ലാതെയാണ് ഇവിടെ റോഡ് നിർമാണം നടക്കുന്നത്.
വള്ളുവള്ളി ജുമാ മസ്ജിദ്, ഗവ. യുപി സ്കൂൾ, കോട്ടുവള്ളി പഞ്ചായത്ത് ഓഫീസ്, വള്ളുവള്ളി അമലോത്ഭവമാത പള്ളി, മദ്രസ എന്നീ സ്ഥാപനങ്ങൾ പ്രദേശത്തുണ്ട്. സർവീസ് റോഡ് ഇല്ലാത്തതുമൂലം ഇവിടേക്കെത്താൻ ജനം ഏറെ ബുദ്ധിമുട്ടും. ഇവിടെ പഞ്ചായത്ത് റോഡ് ഉണ്ടെങ്കിലും ദേശീയപാത പ്രവർത്തനസജ്ജമായാൽ ഈ റോഡ് അടക്കുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഇതാണ് സമരത്തിനിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവ്, കലക്ടർ, ദേശീയപാത അധികൃതർ, കോട്ടുവള്ളി പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകി. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.










0 comments