ad
Deshabhimani

 റെയിൽവേ മേൽപ്പാലം സ്ഥാപിക്കൽ ഇന്ന്‌ തുടങ്ങും

ദേശീയപാത 66 പൂർത്തീകരണ കാലാവധി നീട്ടി

NH 66

വരാപ്പുഴയ്‌ക്കുസമീപം ദേശീയപാത -66ൽ ഇരുവശവും നിർമാണം പൂർത്തീകരിച്ച ഭാഗം (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jun 02, 2026, 02:48 AM | 1 min read

കൊച്ചി


ദേശീയപാത 66 ഇടപ്പള്ളി–മൂത്തകുന്നം റീച്ച്‌ നിർമാണം പൂർത്തിയാക്കാനുള്ള കാലാവധി ഡിസംബർവരെ നീട്ടി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ്‌ (എൻഎച്ച്‌എഐ) കാലാവധി നീട്ടിയത്‌. കഴിഞ്ഞവർഷം ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. 75 ശതമാനം നിർമാണം പൂർത്തിയായി.

മണ്ണ്‌ ക്ഷാമം, ഇടയ്‌ക്കിടെയുള്ള മഴ തുടങ്ങിയവമൂലമാണ്‌ നിശ്ചയിച്ച സമയത്ത്‌ നിർമാണം തീർക്കാൻ കഴിയാതിരുന്നത്‌. ഇപ്പോൾ മണ്ണ്‌ ആവശ്യത്തിന്‌ ലഭിക്കുന്നുണ്ട്‌. എന്നാൽ, കരിങ്കൽക്ഷാമം പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്‌. ചാലക്കുടിയിലെ ക്വാറിയിൽനിന്ന്‌ കല്ല്‌ എത്തിക്കാനുള്ള ശ്രമത്തിലാണ്‌. അനുമതിക്കായി സംസ്ഥാന സർക്കാരിന്‌ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്‌.


കല്ല്‌ എത്തിയാലും കാലവർഷം തുടങ്ങുന്നതിനാൽ നിർമാണം വൈകും. ആറിടങ്ങളിലായി പുതിയ മേൽപ്പാലങ്ങൾ നിർമിക്കുന്നുണ്ട്‌. ഇവയുടെ നിർമാണം 2027 മേയിൽ തീർക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. എന്നാൽ, ഇതിനകം ദേശീയപാത പൂർത്തിയായ ഇടങ്ങളിൽ ഗതാഗതത്തിന്‌ തുറന്നുനൽകും.


പാതയുടെ ഭാഗമായി ഇടപ്പള്ളിയിൽ പുതിയ റെയിൽവേ മേൽപ്പാലം (ആർഒബി) സ്ഥാപിക്കാനുള്ള പ്രവൃത്തികൾ ചൊവ്വാഴ്‌ച ആരംഭിക്കും. രാത്രി ഒന്പതുമുതൽ 12 വരെയും പുലർച്ചെ മൂന്നുമുതൽ പരമാവധി ഒരുമണിക്കൂർ സമയം ഇതിനായി റെയിൽവേ അനുവദിച്ചു. ഇ‍ൗ സമയങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒരാഴ്‌ചയ്‌ക്കകം പ്രവൃത്തി പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. റീച്ചിലെ ഏക റെയിൽവേ മേൽപ്പാലമാണിത്‌. അടുത്തിടെയാണ്‌ പാലം സ്ഥാപിക്കാനുള്ള പ്രവൃത്തികൾക്ക്‌ റെയിൽവേ അനുമതി ലഭിച്ചത്‌.


തിരക്കുള്ള സീസണായതിനാലാണ്‌ ഗതാഗത നിയന്ത്രണത്തിന്‌ റെയിൽവേ മടിച്ചത്‌. 633 മീറ്റർ നീളത്തിലാണ്‌ ഇടപ്പള്ളിയിൽ മേൽപ്പാലം നിർമിക്കുന്നത്‌. ഇതിൽ റെയിൽട്രാക്കിന്‌ മുകളിൽവരുന്ന ഭാഗം 63.48 മീറ്റർ സ്‌റ്റീൽ ഗർഡറിലാണ്‌ ഒരുക്കുന്നത്‌. 15 മീറ്ററാണ്‌ വീതി. ട്രാക്കിനുമുകളിൽ സ്‌റ്റീൽഗർഡർ ഉപയോഗിച്ചുള്ള പാലംഭാഗത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. റെയിൽട്രാക്ക്‌ വരുന്ന ഭാഗത്തേക്ക്‌ ഇത്‌ നീക്കിവയ്‌ക്കുകയാണ്‌ ചെയ്യുക.


കാസർകോട്ടെ തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ 45 മീറ്റർ വീതിയിൽ 600 കിലോമീറ്ററോളമാണ്‌ ദേശീയപാത. കൊടുങ്ങല്ലൂർമുതൽ ഇടപ്പള്ളിവരെ 28.03 കിലോമീറ്ററുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ച പദ്ധതിയാണിത്‌. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതോടെയാണ്‌ പദ്ധതിക്ക്‌ വീണ്ടും ജീവൻവച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home