ദേശീയപാത 66... മരണപാത
നിറയെ കുഴികളാണ്, കുളമാണ്

ദേശീയപാത 66–ൽ ഇടപ്പള്ളിക്കുസമീപം റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 07, 2026, 02:27 AM | 1 min read
കൊച്ചി
യാത്രക്കാരുടെ ജീവൻ കവരും മരണപ്പാതയായി ദേശീയപാത. നിർമാണം പുരോഗമിക്കുന്ന മൂത്തകുന്നം–ഇടപ്പള്ളി ദേശീയപാത 66 റീച്ചിനോടുചേർന്നുള്ള നിലവിലുള്ള പാതയിലെ ഗർത്തങ്ങളും കുഴികളുമാണ് ജീവന് ഭീഷണിയായത്. വൻ ഗതാഗതകുരുക്കും പതിവായി.
മഴ കനത്തതോടെ കൂടുതൽ കുഴികൾ രൂപപ്പെടുകയും നിലവിലുള്ളവയുടെ ആഴം വർധിക്കുകയുമാണ്. അപകടങ്ങളും കൂടി. കുഴികളിൽ വീഴാതെ സാഹസികമായും അപകടകരവുമായി സഞ്ചരിക്കേണ്ട ഗതികേടാണ്. ഏതുനിമിഷവും ജീവൻ പൊലിയാം. എന്നിട്ടും ദേശീയപാത അതോറിറ്റിയും കരാർ കന്പനിയും അനാസ്ഥ തുടരുകയാണ്. പാത പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. നിർമാണം ശേഷിക്കുന്നയിടങ്ങളിലാണ് കൂടുതൽ ശോച്യാവസ്ഥ.
മൂത്തകുന്നം, ചെറിയപ്പിള്ളി, കൂനമ്മാവ്, വരാപ്പുഴ, കുന്നുംപുറം, ചേരാനല്ലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ വളരെ പരിതാപകരമാണ്. പാതയുടെ നടുക്കും ഇരുവശങ്ങളിലും എല്ലാം കുഴികളാണ്. പുതിയ പാതയുടെ നിർമാണത്തിന് ഇറക്കിയ മണ്ണ് മഴയിൽ പഴയറോഡിലേക്ക് ഇടിഞ്ഞുവീഴുകയാണ്. ഇതോടെ വാഹനങ്ങൾ തെന്നിവീഴുന്ന അവസ്ഥയുമുണ്ട്. പാർശ്വഭിത്തിക്കുള്ളിൽ നിറച്ച മണ്ണ് ഇതിനിടയിലൂടെ റോഡിലേക്ക് ഒഴുകുന്നുണ്ട്. മഴ വീണ്ടും കരുത്താർജിച്ചാൽ ഇത് റോഡിലേക്ക് ഇടിഞ്ഞുവീഴുകയും വൻ ദുരന്തത്തിന് വഴിവയ്‌ക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്.
പ്രധാനപാതയായതിനാൽ ബസും ലോറിയും കാറും ഇരുചക്രവഹനങ്ങളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെ കുഴിയിൽ വീഴാതെ പോകാൻ പാടുപെടുകയാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പാത കൂടുതൽ മോശമായി. കുഴികളിൽ ചെളിയും വെള്ളവും നിറഞ്ഞു. കുഴിയുണ്ടെന്ന് മനസ്സിലാക്കാൻ കഴിയാതെ പലപ്പോഴും വാഹനങ്ങൾ ഇതിലേക്ക് വീഴുന്നു. രോഗികൾ ഉൾപ്പെടെ പ്രയാസപ്പെടുന്നു. മഴസമയത്തും രാത്രിയിലും യാത്ര അതീവ ദുഷ്‌കരമായി. ഇടപ്പള്ളി റെയിൽവേ മേൽപ്പാലം ഉൾപ്പെടെയുള്ള പലഭാഗങ്ങളിലും വഴിവിളക്കുകൾ കത്തുന്നില്ല.
പുതിയ പാതയും മരണക്കെണിയായി മാറി. ഇതിനകം നിർമാണം പൂർത്തിയാക്കിയ ഇടങ്ങൾ ഗതാഗതത്തിന് തുറന്നുനൽകിയിട്ടുണ്ട്. എന്നാൽ, വിവിധ ഇടങ്ങളിൽ മുന്നറിയിപ്പുകളോ അപായസൂചനകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. തോന്നുംപടി ഇഷ്ടമുള്ള ഇടങ്ങളിലൂടെ ചീറിപ്പായുകയാണ് വാഹനങ്ങൾ. 45 മീറ്ററിൽ ആറുവരിയായാണ് ദേശീയപാത. ദേശീയപാതയുടെ 75 ശതമാനത്തിലധികം പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്.










0 comments