ad
Deshabhimani

മൂത്തകുന്നം–വിപി തുരുത്ത് പാലത്തിലെ
അപാകം: സ്ഥിരീകരിച്ച്‌ ദേശീയപാത അതോറിറ്റി

nh 66 new bridge
വെബ് ഡെസ്ക്

Published on Feb 04, 2026, 03:44 AM | 1 min read


പറവൂർ

ദേശീയപാത 66 കോട്ടപ്പുറം -ഇടപ്പള്ളി റീച്ചിൽ നിർമിക്കുന്ന മൂത്തകുന്നം-വിപി തുരുത്ത് പാലത്തിന്റെ രണ്ടുതൂണുകളിലുണ്ടായ താഴ്‌ച ദേശീയപാത അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ വിദഗ്‌ധപരിശോധന ആരംഭിച്ചു. പദ്ധതി നിർവഹണത്തിനായി നിയോഗിച്ച സ്വതന്ത്ര എൻജിനീയർ നടത്തിയ സ്ഥലപരിശോധനയിൽ ഏകദേശം 500 മില്ലി മീറ്റർവരെ താഴ്‌ച കണ്ടെത്തിയതായും ശക്തിപ്പെടുത്തുന്നതിന്‌ വിദഗ്‌ധസംഘം വിശദമായ സാങ്കേതിക പരിശോധന ആരംഭിച്ചെന്നും അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി പ്രദീപ് പറഞ്ഞു.


പാലത്തിന്റെ ഏഴാം പില്ലറിനെ താങ്ങിനിർത്തുന്ന രണ്ടുതൂണുകളാണ് താഴേക്ക് ഇരുന്നുപോയത്. പരിശോധനയും തുടർപ്രവൃത്തികളും കരാർകമ്പനിയുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നടത്തും. ഡൽഹി കേന്ദ്രമായ ഓറിയന്റൽ സ്ട്രക്‌ചറൽ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇടപ്പള്ളി - മൂത്തകുന്നം റീച്ചിൽ നിർമാണം നടത്തുന്നത്.


​കരാർവ്യവസ്ഥകൾപ്രകാരം പാലത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും രൂപകൽപ്പന, നിർമാണം, പരിപാലനം, ഘടനാപരമായ സുരക്ഷ, സ്ഥിരത എന്നിവ 15 വർഷക്കാലയളവിൽ ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്വം കരാർ കമ്പനിക്കാണെന്ന് അതോറിറ്റി വ്യക്തമാക്കി. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ദേശീയപാത അതോറിറ്റി ഡൽഹി ഹെഡ്‌ ക്വാർട്ടേഴ്‌സിലേക്കും വിവരങ്ങൾ കൈമാറി. നിലവിൽ പാലത്തിലെ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രധാനനിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home