ദേശീയപാത 66 നിർമാണം ; മൂത്തകുന്നം വിപി തുരുത്ത് പാലത്തിൽ പരിശോധന

പറവൂർ
ദേശീയപാത നിർമാണത്തിനിടെ രണ്ടുതൂണുകൾ താഴ്ന്ന മൂത്തകുന്നം - വിപി തുരുത്ത് പാലത്തിൽ വിദഗ്‌ധസംഘം പരിശോധന നടത്തി. പാലം നിർമാണ വിദഗ്‌ധർ ദേശീയപാത പ്രോജക്ട് ഡയറക്ടർ പി പ്രദീപിനൊപ്പമാണ് പരിശോധന നടത്തിയത്. താഴ്ന്ന തൂണുകൾ ഉയർത്താൻ ചിലപ്പോൾ പാലത്തിൽ ഭാഗികമായ പൊളിച്ചുപണി വേണ്ടി വരും. ഈ ഭാഗത്ത് പാലത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഭാരമുള്ള സ്‌റ്റീൽ ഗർഡറുകളും മറ്റും നീക്കിയാൽമാത്രമേ തൂണുകൾ ഉയർത്താനാകൂ. എന്നാൽ, എന്തു പരിഹാരനടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. പാലത്തിന്റെ ഏഴാം പില്ലറിനെ താങ്ങിനിർത്തുന്ന രണ്ട് തൂണുകളാണ് താഴേക്ക് ഇരുന്നുപോയത്.
തൂണുകൾ താഴ്ന്നഭാഗത്തും പാലത്തിന്റെ മുകളിലും പരിശോധിച്ചു. തൂണുകൾ താഴ്ന്നതല്ലാതെ ഘടനാപരമായ മറ്റു പ്രശ്‌നങ്ങളൊന്നും പാലത്തിൽ കണ്ടെത്തിയിട്ടില്ല. താഴാനുള്ള യഥാർഥ കാരണം കണ്ടെത്താനും സ്വീകരിക്കേണ്ട തുടർനടപടികൾ തീരുമാനിക്കാനും കൂടുതൽ വിദഗ്‌ധരുടെ സംഘം ഇനിയും പരിശോധന നടത്തുമെന്ന് പ്രോജക്ട് ഡയറക്ടർ പറഞ്ഞു. തൂണുകൾ എവിടെവരെ താഴ്ന്നിട്ടുണ്ടെന്നും ഏതെങ്കിലും പാറയിൽ തങ്ങിനിൽക്കുകയാണോയെന്നും പരിശോധിക്കും.
ഏകദേശം 500 മില്ലിമീറ്റർവരെ തൂണുകൾ താഴ്ന്നതായി ദേശീയപാത അതോറിറ്റി സ്ഥിരീകരിച്ചിരുന്നു. പരിശോധനയും തുടർപ്രവൃത്തികളും കരാർ കമ്പനിയുടെ ചെലവിലും ഉത്തരവാദിത്വത്തിലുമാണ് നടത്തുക. ഡൽഹി കേന്ദ്രമായ ഓറിയന്റൽ സ്ട്രക്‌ചറൽ എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇടപ്പള്ളി - മൂത്തകുന്നം റീച്ചിൽ നിർമാണം നടത്തുന്നത്. പൈലിങ്ങിൽ വന്ന അപാകമാണ് താഴ്ന്നതിന് കാരണമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ആലുവയിലെ റിയൽ ടെക് എന്ന സ്ഥാപനമാണ് ഉപകരാറെടുത്ത് പൈലിങ് നടത്തിയത്.










0 comments