ചിറ്റാറ്റുകരയിൽ അടിപ്പാത വേണം: പ്രതിഷേധസംഗമം സംഘടിപ്പിച്ചു

പറവൂർ
ചിറ്റാറ്റുകര - പൂയപ്പിള്ളി പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അധികൃതരുടെ നിലപാടിനെതിരെ സംയുക്ത ജനകീയ സമരസമിതി നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു ഉദ്ഘാടനം ചെയ്തു. എം എസ് അഭിലാഷ് അധ്യക്ഷനായി. ഈ പ്രദേശത്ത് താമസിക്കുന്ന അയ്യായിരത്തിനുമുകളിൽ ജനങ്ങളുടെ ഏക സഞ്ചാരമാർഗമായ, ജില്ലയിലെ ആദ്യ പിഡബ്ല്യുഡി റോഡാണ് ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ അടഞ്ഞുപോകുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്.
വില്ലേജ് ഓഫീസ്, ഗവ. ഹോമിയോ കേന്ദ്രം, ഗവ. എൽപി സ്കൂൾ ഉൾപ്പെടെ ഒട്ടനവധി സ്ഥാപനങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ അടിപ്പാത വേണ്ടതിന്റെ പ്രാധാന്യം കലക്ടർ, ദേശീയപാത പ്രോജക്‌ട് ഡയറക്ടർ പി പ്രദീപ് ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തിട്ടും അനുഭാവ സമീപനം ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. അടിപ്പാത ഉടൻ അനുവദിക്കണമെന്നും അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സമരസമിതി ചെയർമാൻ എൻ എം പിയേഴ്സൺ പറഞ്ഞു. നിയമനടപടികളുമായും മുന്നോട്ടുപോകും. ഭാനുമതി ശിവൻ, ശാന്തിനി ഗോപകുമാർ, ഷൈജു മനയ്ക്കപ്പടി, പി എം സുദർശനൻ, വി എ താജുദീൻ, എ ഡി അനിൽകുമാർ, ധന്യ ബാബു എന്നിവർ സംസാരിച്ചു.










0 comments