ദേശീയപാത 66 ; മൂത്തകുന്നം -വിപി തുരുത്ത് പാലത്തിൽ വിദഗ്‌ധസംഘം വീണ്ടും പരിശോധന നടത്തി

പറവൂർ
ദേശീയപാത 66ൽ നിർമിക്കുന്ന മൂത്തകുന്നം -വിപി തുരുത്ത് പാലത്തിന്റെ രണ്ട് തൂണുകള്‍ താഴ്ന്നുപോയത് പരിശോധിക്കാന്‍ വിദഗ്‌ധസംഘം രണ്ടാംഘട്ട പരിശോധന നടത്തി. ഡൽഹിയിൽ എൻഎച്ച്എഐയുടെ പാനലിലെ വിദഗ്‌ധരാണ് പരിശോധനയ്ക്ക് എത്തിയത്.
രണ്ട് തൂണുകൾ താഴ്ന്നഭാഗത്ത് നാല് പുതിയ തൂണുകൾ നിർമിച്ച് പാലം ബലപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും സൂക്ഷ്മ പരിശോധനക്കുശേഷമാകും അന്തിമതീരുമാനം. ഏഴാം പില്ലറിനെ താങ്ങിനിർത്തുന്ന രണ്ട് തൂണുകൾ ഏകദേശം 500 മില്ലിമീറ്റർവരെ താഴ്ന്നതായി ദേശീയപാത അതോറിറ്റി നേരത്തേ സ്‌ഥിരീകരിച്ചിരുന്നു. തൂണുകൾ താഴ്ന്നതല്ലാതെ ഘടനാപരമായ മറ്റു പ്രശ്‌നങ്ങളൊന്നും പാലത്തിൽ കണ്ടെത്തിയിട്ടില്ല.
ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിലെ ദേശീയപാത നിർമാണത്തിനായി കായലിൽ നടത്തിയിരുന്ന മണ്ണ് ഡ്രഡ്ജിങ് കോടതി വിധിയെ തുടര്‍ന്ന് നിലച്ചു. വ്യാപകമായ മണ്ണെടുക്കൽ സത്താർ ദ്വീപിനെയും പരിസരത്തെ കരകളെയും മീനുകളുടെ ആവാസവ്യവസ്‌ഥയെയും പ്രതികൂലമായി ബാധിക്കുന്നതായി പരാതി ഉയരുകയും ചില സ്‌ഥാപനങ്ങളും മറ്റും ഡ്രഡ്ജിങ് നിർത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിനാലാണ് നിർത്തിയത്. അഞ്ച് മാസത്തോളം മണ്ണെടുപ്പ് നടന്നിരുന്നു. മണ്ണ് ക്ഷാമം ഇനിയുമുണ്ടായാൽ റോഡ് നിർമാണം നീണ്ടുപോകുമെന്ന് ആശങ്കയുണ്ട്.
എലിവേറ്റഡ് ഹൈവേ പരിഗണനയിൽ
ഇടപ്പള്ളി–-കോട്ടപ്പുറം റീച്ചിൽ ചിലയിടങ്ങളിൽ എലിവേറ്റഡ് ഹൈവേ പരിഗണനയിലെന്ന് സൂചന. എട്ട് മീറ്ററിനു മുകളിൽ ഉയരത്തിൽ പാത നിർമിച്ചിട്ടുള്ള എട്ടിടങ്ങളിൽ നിർമാണം നിർത്തിവയ്ക്കാൻ കരാറുകാർക്ക് ദേശീയപാത അധികൃതർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ചമുതൽ വള്ളുവള്ളി, വഴിക്കുളങ്ങര എന്നിവിടങ്ങളിൽ ഒഴികെയുള്ള സ്‌ഥലങ്ങളിൽ നിർമാണം തുടരാനും നിർദേശിച്ചു. 100 മുതൽ 200 മീറ്റർവരെ ദൈർഘ്യത്തിൽ എലിവേറ്റഡ് ഹൈവേ പരിഗണിക്കുന്നതായാണ് സൂചന. എലിവേറ്റഡ് ഹൈവേ നിർമിക്കുകയാണെങ്കിൽ എട്ട് മീറ്ററിലേറെ ഉയരത്തിൽ റോഡ് പണിത വള്ളുവള്ളിയിലും വഴിക്കുളങ്ങരയിലും പൊളിച്ചുപണിയേണ്ടിവരും. ഇവിടെ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഉയരത്തിൽ പാത നിർമിക്കുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. വള്ളുവള്ളിയിൽ പാർശ്വഭിത്തിയുടെ അടിഭാഗത്ത് വിള്ളൽ വീണത് പാത ഇടിയുമോയെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.










0 comments