ചോറ്റാനിക്കരയിൽ പവിഴമല്ലിത്തറ മേളം ഇന്ന്
ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷം ; പൂജവയ്‌പ് നടന്നു

പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ പൂജവയ്പ്പിനെത്തിയവർ കൗണ്ടറിൽ പുസ്തകങ്ങൾ ഏൽപ്പിക്കുന്നു
പറവൂർ/ തൃപ്പൂണിത്തുറ
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജവയ്‌പ് നടന്നു. ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പ് നടന്നു.
പറവൂരിൽ മേൽശാന്തി പി എം അജിത്‌കുമാറിന്റെ നേതൃത്വത്തിൽ ചെറിയ താമര പൊയ്‌കയ്ക്ക് നടുവിലെ ശ്രീകോവിലിൽ പൂജവയ്‌പ് നടത്തി. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയ്യാറാക്കിയ പീഠത്തിലും പുസ്‌തകങ്ങൾ പൂജയ്ക്കുവയ്ക്കാൻ സൗകര്യമൊരുക്കി. സംഗീതാർച്ചന, തിരുവാതിരകളി, നൃത്തം, ഭരതനാട്യം എന്നിവ അരങ്ങേറി. ചൊവ്വ രാവിലെ എട്ടിന് സംഗീതാർച്ചന, 10ന് വയലിൻ അർച്ചന, ഏഴിനും 8.30നും നൃത്തം എന്നിവയുണ്ടാകും. വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് പുലർച്ചെ അഞ്ചിന് പൂജയെടുപ്പ് നടക്കും. തുടർന്ന് വിദ്യാരംഭം തുടങ്ങും. ഇരുപതോളം ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തും. രണ്ടായിരത്തിലേറെ കുട്ടികൾ വിദ്യാരംഭം കുറിക്കും.
ചോറ്റാനിക്കരയിൽ പവിഴമല്ലിത്തറ മേളം ഇന്ന്
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പൂജവയ്‌പിന്റെ ഭാഗമായി ചൊവ്വാഴ്‌ച രാവിലെ 9ന് നടൻ ജയറാമിന്റെ പ്രമാണത്തിൽ നൂറ്റന്പതിലേറെ കലാകാരൻമാർ അണിനിരക്കുന്ന പവിഴമല്ലിത്തറ മേളത്തോടെ ശീവേലി നടക്കും. പകൽ മൂന്നുമുതൽ മൂന്നുവേദികളിലായി കലാപരിപാടികളും അരങ്ങേറും.
തിങ്കൾ വൈകിട്ട് പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ പാഠപുസ്തകങ്ങളും ഗ്രന്ഥക്കെട്ടുകളും വീണ, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളും പൂജയ്ക്കുവച്ചു. ദീപാരാധനയ്ക്കുശേഷം മേൽശാന്തി സി എൽ സതീഷ് നമ്പൂതിരി പൂജവയ്പിന് തുടക്കമിട്ടു. വിജയദശമി ദിവസമായ വ്യാഴം രാവിലെ എട്ടിന് പൂജയെടുക്കും. ശേഷം വിദ്യാരംഭം.










0 comments