എൻഎഡി റോഡിന് ശാപമോക്ഷം ; 17.68 കോടി അനുവദിച്ച് ഭരണാനുമതി

കളമശേരി
ഏറെക്കാലമായി കുണ്ടും കുഴിയും നിറഞ്ഞ് യാത്രാദുരിതം സൃഷ്ടിച്ച എച്ച്എംടി ജങ്‌ഷൻ -എൻഎഡി തൊരപ്പ് റോഡിന് സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ ശാപമോക്ഷം. നിർമാണത്തിന് 17. 68 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. റോഡ് നിർമാണം, ചുറ്റുമതിൽ നിർമാണം, വൈദ്യുതി, ടെലിഫോൺ തൂണുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കൽ എന്നിവയ്‌ക്കായി നേരത്തേ അനുവദിച്ച തുക വർധിപ്പിച്ചാണ് ഭരണാനുമതി പുതുക്കിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലായിരുന്ന റോഡ് ഇതോടെ ആധുനിക നിലവാരത്തിൽ നവീകരിക്കാൻ വഴിയൊരുങ്ങി.
സീപോർട്ട്- എയർപോർട്ട് റോഡ് നിർമാണത്തിന് എൻഎഡിയുടെ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രത്തിന്റെ ഭാഗമായാണ് റോഡ് നവീകരണം. റോഡ് പ്രതിരോധമന്ത്രാലയത്തിന്റേതായതിനാൽ പരിപാലനവും എൻഎഡി ചെയ്യേണ്ടതായിരുന്നു. എന്നാൽ, അറ്റകുറ്റപ്പണി നിലച്ചതോടെ റോഡിലൂടെയുള്ള യാത്ര തീരാദുരിതമായിരുന്നു.
സീപോർട്ട് -എയർപോർട്ട് റോഡ് നിർമാണത്തിന് സംസ്ഥാന സർക്കാർ എൻഎഡിയുടെ 2.4967 ഹെക്ടർ ഭൂമി 23.11 കോടി രൂപ നൽകിയാണ് ലഭ്യമാക്കിയത്. ഇതിനൊപ്പമാണ് തൊരപ്പ് റോഡ് നിർമാണവും സംസ്ഥാനം ഏറ്റെടുത്തത്.
പുതുക്കിയ ഭരണാനുമതി അനുസരിച്ച് റോഡ് നിർമാണത്തിന് 15.97 കോടി രൂപ അനുവദിച്ചു. 5.5 മീറ്റർ വീതിയിൽ റോഡ് പുനർനിർമിക്കുന്നതിന് 8.16 കോടിയാണ് നേരത്തേ അനുവദിച്ചിരുന്നത്. പുതിയ നിരക്കുകൾപ്രകാരമുള്ള വർധനയും സംസ്ഥാന സർക്കാർ അനുവദിച്ചു. ചുറ്റുമതിൽ നിർമാണത്തിന് നേരത്തേ അനുവദിച്ച 99. 43 ലക്ഷം രൂപ 1.28 കോടിയാക്കി. തുക വർധിപ്പിച്ച് പുതുക്കിയ ഭരണാനുമതി നൽകിയതോടെ ഈ റോഡ് ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് യാത്രക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമാകുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.










0 comments