മൂവാറ്റുപുഴ നഗരസഭ
സെക്രട്ടറിയെ മാറ്റണമെന്ന് യുഡിഎഫ് പ്രമേയം: പ്രതിഷേധിച്ച് പ്രതിപക്ഷം

മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറി എച്ച് സിമിയെ മാറ്റണമെന്ന യുഡിഎഫ് കൗൺസിലിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഓഫീസിനുമുന്നിൽ പ്രതിഷേധിക്കുന്നു
മൂവാറ്റുപുഴ
നിയമവിരുദ്ധ തീരുമാനങ്ങളിൽ ഒപ്പിടാത്ത മൂവാറ്റുപുഴ നഗരസഭ സെക്രട്ടറി എച്ച് സിമിയെ മാറ്റണമെന്ന യുഡിഎഫ് കൗൺസിലിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സെക്രട്ടറിയെ മാറ്റണമെന്ന് പ്രമേയം അവതരിപ്പിക്കാനുള്ള അജൻഡ മാത്രമാണുണ്ടായത്. യുഡിഎഫ് അംഗം സി എം ഷുക്കൂർ അവതരിപ്പിച്ച പ്രമേയം യുഡിഎഫ് അംഗം ജിനു മടേയ്ക്കൽ പിന്താങ്ങി. ഇതോടെ കൗൺസിൽ അംഗങ്ങൾക്ക് ചർച്ചയ്ക്ക് സമയം നൽകാതെ പ്രമേയം ഭരണസമിതി അംഗീകരിച്ചു. ഇതിനെതിരെ പ്രതിപക്ഷത്തെ എൽഡിഎഫ്, ബിജെപി അംഗങ്ങൾ ചെയർപേഴ്സൻ ജോയ്സ് മേരി ആന്റണിക്ക് മുന്നിലും കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭ ഓഫീസിനുമുന്നിലും പ്രതിഷേധിച്ചു. യുഡിഎഫിന്റെ അഴിമതിക്ക് കാരണമാകുന്ന ഫയലുകളിൽ സെക്രട്ടറി ഒപ്പിടുന്നില്ല എന്നതാണ് സെക്രട്ടറിക്കെതിരെ പ്രമേയം കൊണ്ടുവന്നത്.
പ്രമേയത്തിനെതിരെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതിന് അവസരം നൽകാതെ കൗൺസിൽ ക്ലർക്കിനെ വിലക്കി. സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാരെ സ്ഥലംമാറ്റരുതെന്ന് ചീഫ് സെക്രട്ടറിയുടെ കഴിഞ്ഞ മാർച്ച് 27ലെ ഉത്തരവ് ലംഘിച്ചാണ് സെക്രട്ടറിയെ മാറ്റാൻ കൗൺസിൽ പ്രമേയം പാസാക്കിയത്. പ്രതിഷേധയോഗത്തിൽ കൗൺസിലർമാരായ എം എച്ച് മജീദ്, എൻ എം കിഷോർ, റബിൻസ് ടി അലിയാർ, ടി എ സജി, രജനി സജീവ്, ജയ സുകു, അമ്പിളി ബിജു, മനോജ്, രാജശ്രീ രാജു, കെ എസ് ജയകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.











0 comments