മരണനടുക്കം; ഭീതി, ആശങ്ക

കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ കതിന പൊട്ടിത്തകർന്ന കെട്ടിടത്തിന്റെ ഉൾഭാഗം പൊലീസ് പരിശോധിക്കുന്നു
പി ജി ബിജു
Published on Jan 05, 2026, 12:05 AM | 1 min read
മൂവാറ്റുപുഴ
കടാതി പള്ളിയിൽ കതിന പൊട്ടി ഒരാൾ മരിച്ച സംഭവത്തിൽ നാട് നടുങ്ങി. പള്ളിയിലെ 151–-ാമത് പെരുന്നാളിനോട് അനുബന്ധിച്ചുണ്ടായ ദുരന്തം ഇടവക അംഗങ്ങളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തി. നാടൊന്നാടെ ഇവിടേക്ക് ഓടിയെത്തി. ഞായർ രാവിലെ 8.30നുശേഷം ഉണ്ടായ അപകടത്തിന്റെ ശബ്ദം കിലോമീറ്റര്‍ അകലെ മുഴങ്ങി. എന്താണ് സംഭവിച്ചതെന്ന് പള്ളിയിൽ ഉണ്ടായിരുന്നവർക്കും നാട്ടുകാർക്കും പെട്ടെന്ന് മനസ്സിലായില്ല.
പള്ളിക്കകത്ത് കുർബാന തുടങ്ങുമ്പോൾ പുറത്ത് ആളുകൾ കുറവായിരുന്നു. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെനിലയിലായിരുന്നു സ്ഫോടനം. ഒന്നാംനിലയിലെ ഓഫീസിൽ ഉണ്ടായിരുന്ന മാനേജിങ് കമ്മിറ്റിയംഗം ഡോ. ബേബി പോളാണ് ആദ്യം താഴെ എത്തിയത്. പിന്നാലെ പള്ളിയിൽനിന്നുള്ളവരും എത്തി. കെട്ടിടത്തിനുള്ളിൽനിന്ന് തെറിച്ചുവീണ നിലയിലായിരുന്നു കതിന നിറയ്ക്കുകയായിരുന്ന രവി. ആചാരവെടിയുടെ ഭാഗമായി കതിന പൊട്ടിക്കാൻ ഏറ്റിരുന്ന ജെയിംസിന്റെ സഹായിയായിരുന്നു. പൊള്ളലേറ്റ് പരിക്കേറ്റ ജെയിംസ് പുറത്തേക്ക് ഓടിയത് അപ്പോൾ ആരും അറിഞ്ഞില്ല എന്ന് പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി ജെയിംസാണ് പെരുന്നാളിന് ആചാരവെടി പൊട്ടിക്കുന്നത്. പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റും കതിന നിറച്ച് പൊട്ടിക്കുന്ന തൊഴിലാളിയാണ് രവി.
ഒരുമിനിറ്റിനകം കതിനകൾ പൊട്ടിത്തീർന്നു. വീണ്ടും സ്ഫോടനമുണ്ടാകുമോയെന്ന് ആശങ്ക ഉണ്ടായെങ്കിലും ഓടിക്കൂടിയവര്‍ രക്ഷാപ്രവർത്തനം നടത്തി. അപകടം നടന്ന മുറി, ഇതിനോടുചേർന്ന് മുൻവശം പ്രവർത്തിച്ചിരുന്ന പള്ളിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഓഫീസ് എന്നിവ പൂർണമായി തകർന്നു. സമീപത്തെ സെമിത്തേരിയിലെ കല്ലറയ്ക്കും നാശമുണ്ടായി. തൊട്ടുചേർന്നുള്ള മുറിയിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഓഫീസിൽ ആളുകളുണ്ടായിരുന്നില്ല. പൊട്ടിത്തെറി ഉണ്ടായ മുറിയുടെ സമീപം വാഹനത്തിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിലേക്ക് തീ പടർന്നില്ല.










0 comments