ad
Deshabhimani

മൂവാറ്റുപുഴ നഗരസഭ

സെക്രട്ടറിയെ ചെയർപേഴ്സന്റെ
ചേംബറിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി

muvattupuzha

മൂവാറ്റുപുഴ നഗരസഭയിൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ചെയർപേഴ്സന്റെ നടപടിയിൽ ജീവനക്കാർ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on May 01, 2026, 01:49 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിയെ ചെയർപേഴ്സന്റെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. പിൻവാതിൽ നിയമനം നടത്താൻ സെക്രട്ടറിയും ജീവനക്കാരും കൂട്ടുനിൽക്കാത്തതിന്റെ വിരോധത്താലാണ് ഭീഷണി.


വ്യാഴം പകൽ 12.30നാണ് സംഭവം. യുഡിഎഫ്‌ ഭരണസമിതിയുടെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി എം ഷുക്കൂറിനെതിരെ റവന്യു ഇൻസ്പെക്ടർമാരായ രണ്ടു വനിതാജീവനക്കാർ സെക്രട്ടറിക്ക്‌ നൽകിയ പരാതിയെത്തുടർന്ന് സെക്രട്ടറിയിൽനിന്ന് വിവരമറിയാനാണ് ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സെക്രട്ടറി എച്ച് സിമിയെ ചേംബറിൽ വിളിച്ചുവരുത്തിയത്. തുടർന്ന് മുറിയുടെ വാതിൽ പൂട്ടിയശേഷം സി എം ഷുക്കൂർ വീഡിയോ പകർത്തിയതാണ് വിവാദമായത്. മുറിയിൽ ഒരു സെക്ഷൻ ക്ലർക്കുമുണ്ടായിരുന്നു.


കഴിഞ്ഞ ജനുവരിയിൽ ജീവനക്കാർ നൽകിയ പരാതിയിലാണ് വ്യാഴാഴ്ച ചെയർപേഴ്സൺ വിവരം തേടിയത്. റവന്യു ഇൻസ്പെക്ടർമാരെ ഓഫീസിനുപുറത്ത് ജോലി ചെയ്യിക്കാതെ സി എം ഷുക്കൂർ തടസ്സം നിൽക്കുന്നുവെന്നായിരുന്നു പരാതി. സെക്രട്ടറിയെ പൂട്ടിയിട്ട സംഭവത്തിൽ ജീവനക്കാരിൽനിന്ന്‌ പ്രതിഷേധമുയർന്നു. സർക്കാർ ഉത്തരവ്‌ പാലിക്കാതെ സെക്രട്ടറിയും ജീവനക്കാരും ചെയർപേഴ്സൺ പറയുന്നതുപ്രകാരം പ്രവർത്തിക്കണമെന്നാണ് നിർബന്ധിക്കുന്നത്.


നിലവിൽ ഒഴിവുള്ള താൽക്കാലിക ജീവനക്കാരുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താതെ പിൻവാതിൽ നിയമനം നടത്താനുള്ള നീക്കമാണ് ചെയർപേഴ്സന്റെ ഭാഗത്തുനിന്നുള്ളത്. സർക്കാർ ഉത്തരവുപ്രകാരമല്ലാതെ നിയമനം നടത്താനാകില്ലെന്ന നിലപാടാണ് സെക്രട്ടറിയുടേത്. തുടർന്ന് സെക്രട്ടറിയുടെ ജോലി കളയുമെന്നുവരെ ചെയർപേഴ്സൺ ഭീഷണിപ്പെടുത്തി. ഇതിനെതിരെ വൈകിട്ട് നഗരസഭ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. യോഗത്തിൽ വി എസ് ജയ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home