യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്‌റ്റിൽ

കൊച്ചി
മദ്യപാനത്തിനിടെ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം ജനതാ കോളനി ലെയ്‌നില്‍ തുണ്ടിപ്പറമ്പ് വീട്ടില്‍ അല്‍ ജൂഡ് ആംബ്രോ (42)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പച്ചാളം ശാരദ നിവാസില്‍ ഷിനോജി (40)നെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പച്ചാളം കാളയത്ത് രാജേഷ് (40), പച്ചാളം കല്ലുവീട്ടിൽ അശ്വിൻ നിവാസ് ജിനിൽ ദാമോദരൻ (56), വടുതല വാണിയംകാട്ട് വീട്ടിൽ ചന്ദ്രശേഖരൻ (59) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു.
ഞായർ രാത്രി 10.30 ഓടെ ഷിനോജിന്റെ വീട്ടിലായിരുന്നു സംഭവം. ഇരുനില വീടിന്റെ ടെറസിലെ ഷെഡ്ഡിൽ ഇവർ ഒത്തുകൂടാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഷിനോജിന്റെ കട്ടിലില്‍ അല്‍ ജൂഡ് കിടന്നതായിരുന്നു തർക്കത്തിന്റെ തുടക്കം. വാക്കുതര്‍ക്കത്തിനിടെ ഷിനോജ് ഫ്രൈയിങ് പാനെടുത്ത് അല്‍ ജൂഡിന്റെ തലയ്ക്കടിച്ചു. തലയ്ക്കും മുഖത്തും ഒന്നിലധികം തവണ അടിയേറ്റു. താഴെ വാടകയ്‌ക്ക് താമസിക്കുന്ന അതിഥിത്തെഴിലാളി തിങ്കൾ രാവിലെ അലക്കിയ തുണി എടുക്കാൻ ടെറസിലെത്തിയപ്പോഴാണ് ചോരയില്‍കുളിച്ചനിലയിൽ അല്‍ ജൂഡിനെ കണ്ടത്. ഇയാള്‍ പൊലീസിനെ അറിയിച്ചു. നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി. ഇൗ സമയം ടെറസിലെ മുറിയില്‍ ഷിനോജുണ്ടായിരുന്നു. ചോദ്യംചെയ്തപ്പോൾ അല്‍ ജൂഡിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.
ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ചു. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരേതരായ സെബാസ്‌റ്റ്യൻ ആംബ്രോയുടെയും ജാനമ്മയുടെയും മകനാണ് അൽ ജൂഡ് ആംബ്രോ. സഹോദരങ്ങൾ: ഷെറിൻ, മിനി (യുകെ), സിനി (സൗദി അറേബ്യ). സംസ്കാരം ബുധനാഴ്ച ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.









0 comments