വിവരാവകാശ നിരോധന നീക്കം
കൊച്ചി കോർപറേഷനോട് വിവരാവകാശ കമീഷൻ വിശദീകരണം തേടി

കൊച്ചി
വിവരാവകാശ അപേക്ഷകൾ തടയാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നടപടിയിൽ സംസ്ഥാന വിവരാവകാശ കമീഷൻ കൊച്ചി കോർപറേഷനോട് വിശദീകരണം തേടി.
തുടർച്ചയായി വിവരാവകാശ അപേക്ഷകൾ നൽകുന്നവരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറി അവർക്കെതിരെ അന്വേഷണം നടത്തിക്കാനുള്ള കോർപറേഷൻ തീരുമാനത്തിന് എതിരെയാണ് കമീഷന്റെ നടപടി.
കോർപറേഷൻ സെക്രട്ടറി കമീഷന് വിശദീകരണം നൽകണം. തീരുമാനമെടുത്തതിന്റെ രേഖയും ഹാജരാക്കണം. ഇവ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് കോർപറേഷൻ തീരുമാനമെന്ന് കമീഷൻ വിലയിരുത്തി. മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കമീഷൻ വിഷയം പരിശോധിച്ചിരുന്നു. തുടർന്നാണ് ഇടപെടൽ.
യുഡിഎഫ് ഭരണസമിതി തീരുമാനം പ്രതിഷേധത്തിനും വിവാദത്തിനും വഴിവച്ചിരുന്നു. ഏഴിന് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിവരാവകാശ നിയമത്തിന്റെ കഴുത്തുഞെരിക്കുന്ന തീരുമാനമെടുത്തത്. യുഡിഎഫ് കൗൺസിലർമാരാണ് ആവശ്യം ഉന്നയിച്ചത്. ജനാധിപത്യവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് അംഗങ്ങൾ നീക്കത്തെ എതിർത്തിരുന്നു. എന്നാൽ, എതിർപ്പ് മറികടന്ന് മേയർ വി കെ മിനിമോൾ തീരുമാനമെടുക്കുകയായിരുന്നു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നത് തടയുകയെന്ന വ്യാജേനയായിരുന്നിത്. എന്നാൽ, യഥാർഥലക്ഷ്യം വേറെയാണെന്ന് പകൽപോലെ വ്യക്തമായിരുന്നു. അഴിമതിയും ക്രമക്കേടുകളും അധികാര ദുർവിനിയോഗവും കണ്ടെത്താനും പുറത്തുകൊണ്ടുവരാനും ഏറെ പ്രയോജനപ്രദമാണ് വിവരാവകാശ നിയമം.
അപേക്ഷകർക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടാകുമെന്ന് പ്രതീതി സൃഷ്ടിക്കുന്നത് അപേക്ഷ നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ഇടയാക്കും. ഇതോടെ അഴിമതിയുടെയും ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്തുപോകുന്നത് തടയാമെന്നും കണക്കുകൂട്ടി. എന്നാൽ, വിവരാകാശ നിയമത്തിന്റെ അന്തഃസത്തയെത്തന്നെ ഇല്ലാതാക്കുന്ന കോർപറേഷന്റെ നടപടിക്ക് എതിരെ കമീഷൻതന്നെ രംഗത്തെത്തിയത് യുഡിഎഫ് ഭരണസമിതിക്ക് തിരിച്ചടിയാണ്.








0 comments