print edition ജിഎൻഎ കരാർ നിയമവിരുദ്ധം

തിരുവനന്തപുരം
:സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎൻഎ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ നിയമവിരുദ്ധം. വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമീഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്‌ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങാവൂ. ഇത് അട്ടിമറിച്ചാണ് അഴിമതി ലക്ഷ്യമിട്ട് കരാറുമായി സർക്കാർ മുന്നോട്ട്‌പോകുന്നത്. വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങി അതിന്റെ ബാധ്യത ജനങ്ങളുടെ തലയിൽകെട്ടിവയ്‌ക്കാനാണ് നീക്കം.
ജിഎൻഎ എന്ന ഓവർ ദി കൗണ്ടർ (ഒടിസി) പ്ലാറ്റ്‌ഫോം വൈദ്യുതി ഉൽപ്പാദന കമ്പനിയോ വ്യാപാര ലൈസൻസുള്ള ട്രേഡറോ അല്ല. കെഎസ്ഇബി പോലുള്ള വിതരണ ഏജൻസികൾക്ക് വൈദ്യുതി നൽകാൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര റെഗുലേറ്ററി കമീഷന്റെ അനുവാദമില്ല. അതിനാൽ സംസ്ഥാന കമീഷനും അനുമതി നൽകില്ല. സെക്ഷൻ 108 ഉപയോഗിച്ച് സർക്കാർ നയപരമായി നിർദേശം നൽകുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിയമവ്യവഹാരത്തിലേക്ക് കരാറിനെ വലിച്ചിഴയ്ക്കും. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ നിയമം ലംഘിച്ചാണ് പല വൈദ്യുതി ഇടപാടുകളും നടത്തിയത്.
ഹിമാചൽ പ്രദേശിൽനിന്നും വിഇഎച്ച് ഗ്ലോബൽ കന്പനിയിൽനിന്നും വൈദ്യുതി വാങ്ങിയതും അനുമതിയില്ലാതെയാണ്.ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ യുഡിഎഫ് സർക്കാർ ദീർഘകാല കരാറുണ്ടാക്കിയതും റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെയായിരുന്നു. സുപ്രീംകോടതിവരെ നീണ്ട നിയമവ്യവഹാരങ്ങൾക്കൊടുവിൽ ആ കരാർ കമീഷൻ റദ്ദാക്കി. സമാനമായ പിടിപ്പുകേടുകളാണ് യുഡിഎഫ് സർക്കാർ ആവർത്തിക്കുന്നത്.
ജിഎൻഎയുമായുള്ള ഇടപാടിന് നിയമ തടസമുണ്ടെന്ന് കെഎസ്ഇബി രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. വൻ നഷ്‌ടമുണ്ടാക്കുന്ന കരാർ ചോദ്യം ചെയ്‌തതോടെ സിഎംഡി സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മുഖ്യമന്ത്രി പുറത്താക്കുകയും ചെയ്‌തു.







0 comments