നാട് കൈയേറി മൃഗങ്ങൾ
വടാട്ടുപാറക്കാർക്ക് തലവേദനയായി വാനരപ്പടയും

വടാട്ടുപാറ പണ്ടാരൻ സിറ്റി വലിയകാലായിൽ ജോമോന്റെ വീടിന്റെ അടുക്കളയിൽ കയറിയ കുരങ്ങ്
കോതമംഗലം
നാട്ടിലിറങ്ങുന്ന കാട്ടാനകൾക്ക് പിന്നാലെ വടാട്ടുപാറ നിവാസികൾക്ക് തലവേദനയായി കുരങ്ങുകളും. കൂട്ടമായും ഒറ്റയ്‌ക്കും എത്തുന്ന കുരങ്ങുകൾ മേഖലയിലെ തെങ്ങുകൾ കാലിയാക്കുകയാണ്. വീടിന്റെ അടുക്കളയിൽ കയറി ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുന്നതും നിത്യസംഭവമാണ്.
വെള്ളിയാഴ്ച വടാട്ടുപാറ പണ്ടാരൻസിറ്റി വലിയകാലായിൽ ജോമോന്റെ വീട്ടിലെ അടുക്കളയിൽ കയറിയ കുരങ്ങനെ പുറത്തുചാടിക്കാൻ വീട്ടുകാർക്ക് മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നു. പാമ്പുപിടിത്ത വിദഗ്‌ധൻ മാർട്ടിൻ മേക്കാമാലിൽ എത്തിയാണ് കുരങ്ങനെ വീടിനുപുറത്തേക്ക് ഓടിച്ചുവിട്ടത്. വീട്ടിലുണ്ടായിരുന്ന ഭക്ഷണങ്ങളും പച്ചക്കറികളും പഴവർഗങ്ങളും കുരങ്ങൻ ഭക്ഷിച്ചു.
തെങ്ങിൽ കരിക്ക് പാകമാകുമ്പോൾ വാനരപ്പട കാടിറങ്ങും. തേങ്ങയ്ക്കുപകരം ചിരട്ടയും ചകിരിയുമാണ് ഉടമസ്ഥന് കിട്ടുന്നത്. കപ്പയും പൈനാപ്പിളും വാഴയും ചേമ്പും ചേനയുമൊക്കെ വാനരസംഘം വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വന്യമൃഗശല്യമൂലം നാട്ടുകാർ കൃഷിസ്ഥലവും വീടും കിട്ടുന്നവിലയ്ക്ക് വിറ്റ് മറ്റിടങ്ങളിലേക്ക് സ്വൈര്യജീവിതം തേടി പോകുകയാണ്.










0 comments