വരുന്നത് തൊഴിൽ ഉറപ്പില്ലാദിനങ്ങൾ

കൊച്ചി
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലൂടെ ജില്ലയിൽ ഉപജീവനമാർഗം നഷ്ടമാകുക 1.14 ലക്ഷം കുടുംബങ്ങൾക്ക്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പാവപ്പെട്ട കുടുംബങ്ങളുടെ കഞ്ഞിയിലാണ് മോദിസർക്കാർ മണ്ണുവാരിയിടുന്നത്. പുതിയ ബിൽ കൊണ്ടുവന്നതോടെ ആശങ്കയിലും അരക്ഷിതാവസ്ഥയിലുമാണ് തൊഴിലാളികൾ. ജീവിതം ഇനി പ്രതിസന്ധിയിലാകുമെന്ന ഭയത്തിൽ നീറുകയാണിവർ.
നിലവിൽ തൊഴിലുറപ്പ് കൂലിയിനത്തിൽ ഉൾപ്പെടെ വൻതുക കുടിശ്ശികയുണ്ട്. ഇത് നൽകാതെ തൊഴിലാളികളെ പ്രയാസപ്പെടുത്തുകയാണ് കേന്ദ്രം. കൂലിയും കുടിശ്ശികയും യഥാസമയം നൽകാതെ വലയ്‌ക്കുന്പോഴാണ് പദ്ധതിയെത്തന്നെ തകർക്കാനുമുള്ള പുതിയ നീക്കം.
15.88 കോടി രൂപയിൽ അധികമാണ് ജില്ലയിലെ 14 ബ്ലോക്കുകളിലായി തൊഴിലുറപ്പ് കൂലിയടക്കമുള്ള ഇനങ്ങളിലെ കുടിശ്ശിക. വടവുകോട് 2.81 കോടി, പാറക്കടവ് 1.53 കോടി, പാന്പാക്കുട 1.62 കോടി, വൈപ്പിൻ 1.62 കോടി, പറവൂർ 1.51 കോടി, ആലങ്ങാട് 89.35 ലക്ഷം, അങ്കമാലി 66.25 ലക്ഷം, ഇടപ്പള്ളി 67.03 ലക്ഷം, കൂവപ്പടി 79.74 ലക്ഷം, കോതമംഗലം 70.31 ലക്ഷം, മൂവാറ്റുപുഴ 94.73 ലക്ഷം, വാഴക്കുളം 88.27 ലക്ഷം, മുളന്തുരുത്തി 65.43 ലക്ഷം, പള്ളുരുത്തി 55.15 ലക്ഷം എന്നിങ്ങനെയാണ് കുടിശ്ശിക. പദ്ധതിയെ തകർക്കുകയും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന നീക്കത്തിൽ പ്രതിഷേധം ഉയരുകയാണ് ജില്ലയിലെങ്ങും.
സിപിഐ എം പ്രതിഷേധ സായാഹ്നം ഇന്ന്
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്‌ച എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ ബിൽ, ജനങ്ങളെ ബാധിക്കുന്ന അപകടകരമായ നീക്കമാണ്. പുതിയ ബില്ലിൽ ഗാന്ധിജിയുടെ പേര് വെട്ടുന്നതിലൂടെ ഗാന്ധിയുടെ ആശയങ്ങളോട് കേന്ദ്രസർക്കാരിനുള്ള വിദ്വേഷമാണ് വ്യക്തമാകുന്നത്. ബിൽ നിയമമാകുന്നതോടെ പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാർ ഒഴിയുന്നതിനൊപ്പം വൻ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടിവയ്‌ക്കുകയാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ അത്താണിയായ തൊഴിലുറപ്പിൽ തൊഴിലെടുക്കുന്ന 90 ശതമാനം സ്ത്രീകളെയും ഇത് പ്രതികൂലമായി ബാധിക്കും. എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ് ജോലി ഉണ്ടാകില്ല. തൊഴിലുറപ്പ് പദ്ധതിയെ എല്ലാത്തരത്തിലും ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആസൂത്രിതമായ നീക്കമാണിതെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.












0 comments