ഇന്ന് കലാശക്കൊട്ട് ; ആധിപത്യം എറണാകുളത്തെ കോളേജുകൾക്ക്

തിരുവല്ല
എംജി സർവകലാശാല കലോത്സവത്തിന് വ്യാഴാഴാഴ്ച വൈകിട്ട് കലാശക്കൊട്ട്. നൃത്ത, നാട്യ,താള സംഗീത ലയങ്ങൾ സമന്വയിച്ചൊഴുകിയ കലാവിരുന്നിന്റെ ഏഴാംനാൾ നടൻ ടൊവിനോ സമാപന ചടങ്ങിനെത്തും.
ആറ് ദിനങ്ങളിലായി 85 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ നാലു കോളേജുകളാണ് മുന്നിട്ടുനിൽക്കുന്നത്. 116 പോയിന്റുമായി കഴിഞ്ഞ വർഷത്തെ മൂന്നാംസ്ഥാനക്കാരായ തേവര സേക്രട്ട് ഹാർട്ട് കോളേജാണ് ഇപ്പോൾ ഒന്നാമത്. കഴിഞ്ഞ തവണ നാലാംസ്ഥാനക്കാരായ എറണാകുളം മഹാരാജാസ് കോളേജ് 112 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. മുൻ ജേതാക്കളായ തൃപ്പൂണിത്തുറ ആർഎൽവി ഗവ.കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് 93 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.
78 പോയിന്റുമായി നാലാംസ്ഥാനത്തുള്ള എറണാകുളം സെന്റ് തേരേസാസ് കോളേജ് കഴിഞ്ഞ തവണ രണ്ടാമതെത്തിയിരുന്നു. വ്യാഴാഴ്ച ഒപ്പന, പരിചമുട്ട്, മാർഗംകളി, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ക്വിസ് എന്നീ ഇനങ്ങൾ പൂർത്തിയാകുന്നതോടെ കലോത്സവം സമാപിക്കും. വൈകിട്ട് 4.30ന് നടൻ ടൊവിനോ തോമസ് സമാപനം ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് സമ്മാനദാനം നിർവഹിക്കും.











0 comments