ad
Deshabhimani

മെട്രോ നിർമാണം

കലുങ്കിനുമുകളിൽ തള്ളിയ മണ്ണ് നീക്കാൻ കലക്ടറുടെ നിർദേശം ​

metro

തൃക്കാക്കര സഹകരണ ആശുപത്രിക്കുസമീപം കെഎംആർഎൽ മണ്ണിട്ട് നികത്തിയ പ്രദേശത്തെ വെള്ളക്കെട്ട് പ്രദേശം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി 
കലക്ടർ വി ഇ അബ്ബാസ് സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 09, 2026, 02:27 AM | 1 min read

കാക്കനാട്


തൃക്കാക്കര നഗരസഭാ ഓഫീസിനും മുനിസിപ്പൽ സഹകരണ ആശുപത്രിക്കും ഇടയിലുള്ള ആറേക്കർ വരുന്ന താഴ്ന്നപ്രദേശത്ത് കെഎംആർഎൽ മണ്ണിട്ടതുമൂലം കലുങ്കുമൂടി നീരൊഴുക്ക് തടസ്സപ്പെട്ടതിൽ നടപടി. കലുങ്കിനുമുകളിലെ മണ്ണ് അടിയന്തരമായി നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ കലക്ടർ ജി പ്രിയങ്ക കെഎംആർഎല്ലിന് നിർദേശം നൽകി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ വി ഇ അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ നൽകിയിരുന്നു.

മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന മണ്ണും കോൺക്രീറ്റ് മാലിന്യങ്ങളുമാണ്‌ മാസങ്ങളായി ഇവിടെ തള്ളുന്നത്‌. ഗർത്തസമാനമായ സ്ഥലത്ത് ലോഡുകണക്കിന് മണ്ണ് നിറച്ചതോടെ സീപോർട്ട്–എയർപോർട്ട് റോഡിന് അടിയിലൂടെ ഉണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടു. കാക്കനാട്, കെബിപിഎസ്, മാവേലിപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് എത്തുന്ന മഴവെള്ളം മുമ്പ് കലുങ്കിലൂടെ കിളിയങ്കൽ പാടശേഖരത്തിലേക്ക് എത്തുമായിരുന്നു. വെള്ളക്കെട്ട് തുടർന്നാൽ സീപോർട്ട്–എയർപോർട്ട് റോഡിനും തൊട്ടടുത്തുള്ള മുനിസിപ്പൽ സഹകരണ ആശുപത്രി കെട്ടിടത്തിനും ഭീഷണിയാകുമെന്ന് പരിശോധനയിൽ കണ്ടെത്തി.


തൃക്കാക്കര സഹകരണ ആശുപത്രിയുടെ ചുറ്റുമതിൽ അപകടാവസ്ഥയിലാണെന്നും ഇത്‌ തകർന്നാൽ വെള്ളം ആശുപത്രിവളപ്പിലേക്ക് ഒഴുകി വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, സെക്രട്ടറി ഇൻചാർജ് സി എസ് ഷിജു എന്നിവർ സ്ഥലത്തെത്തിയിരുന്നു. കെഎംആർഎൽ അധികൃതരും കരാറുകാരും പരിശോധനയിൽ പങ്കെടുത്തു.


നിലവിൽ ഗർത്തത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോർ പമ്പ് ഉപയോഗിച്ച് സീപോർട്ട്–എയർപോർട്ട് റോഡിലേക്ക് ഒഴുക്കുന്ന നടപടി ശാശ്വത പരിഹാരമല്ലെന്നും ഇത് അവസാനിപ്പിക്കാനും കലക്ടർ നിർദേശിച്ചു. വെള്ളം ശക്തമായി ഒഴുകിയെത്തി എതിർവശത്ത്‌ ഫ്ലാറ്റ് വളപ്പിലേക്ക് പതിക്കുന്നതും നാട്ടുകാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home