ഹൃദയം തൊട്ട്, ക്ഷേമമായി സാന്ത്വനം

മെഗാമെഡിക്കൽ ക്യാന്പിലെത്തിയ വയോധികയെ സ്‌കൂളിലെ എസ്‌പിസി വളണ്ടിയർ സഹായിക്കുന്നു
വൈപ്പിൻ
എടവനക്കാട്ടെ എഴുപത്തെട്ടുകാരി കുഞ്ഞിബിപാത്തുവിന് ശ്വാസകോശരോഗമാണ്. കൂടാതെ മറ്റു പല അസുഖങ്ങളും. പൾമനോളജി വിഭാഗം ഡോക്ടറെ കാണാനെത്തിയ ഇവർക്ക് അപൂർവമായ മരുന്ന് വേണം. ഒടുവിൽ അത് സൗജന്യമായി സാന്ത്വനം മെഗാ മെഡിക്കൽ ക്യാമ്പിൽ സംഘടിപ്പിച്ചുനൽകാൻ തീരുമാനമായി. ഇതുപോലെ വിവിധ രോഗങ്ങൾ വലയ്ക്കുന്ന രോഗികൾക്ക് ക്ഷേമംപകരാൻ സാന്ത്വനത്തിനുകഴിഞ്ഞു. കുഴുപ്പിള്ളി ചക്കുമുറി ശശിക്ക് കാലുവേദനയാണ്. വയസ്സ് 75. മരുന്നുകൾ ക്യാമ്പിൽ നൽകി. സ്കാനിങ്ങും. ഇനി ആശുപത്രിയിൽ ചെല്ലണം. എന്തുകൊണ്ടും ക്യാമ്പ് ഉപകാരമായെന്ന് ശശി പ്രതികരിച്ചു.
ഞാറക്കൽ പാനികുളം ഫിലോമിനയ്ക്ക് വയസ്സ് 66. കണ്ണിന്റെയും നടുവിന്റെയും അസുഖത്തിന് ഡോക്ടറെ കണ്ടു. മരുന്നുവാങ്ങി, സസന്തോഷം.
എടവനക്കാട് സുനാമി ഫ്ലാറ്റിൽ ടി എസ് സുധയ്‌ക്ക് ഇല്ലാത്ത അസുഖങ്ങളില്ല. കരളിൽ വെള്ളം നിറയുന്നു, ഹൃദയത്തിനും പ്രയാസം, പൊക്കിളിനു തകരാർ... ദീർഘകാലമായി ചികിത്സ തുടരുന്നു. മറ്റു അനുബന്ധകാര്യങ്ങൾ ചെയ്യാൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത്തിനോട് നിർദേശിച്ചു.
കടമക്കുടിയിലെ മേരി ജോസഫ് നാളുകളായി ഹൃദ്‌രോഗത്തിന് മരുന്ന് കഴിക്കുകയാണ്. ക്യാമ്പിലാകുന്പോൾ മരുന്നിന് പണം വേണ്ടല്ലോ എന്ന വലിയ ഗുണമുണ്ടെന്ന് എഴുപത്താറുകാരി പറഞ്ഞു.
ഇങ്ങനെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുംനിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. ഓങ്കോളജി, ഡെർമറ്റോളജി, ന്യൂറോളജി, പൾമനോളജി, ഡെന്റൽ, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ തുടങ്ങി എല്ലാവിധ വിഭാഗങ്ങളിലുംനിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.











0 comments