മട്ടാഞ്ചേരി വെടിവയ്‌പ്പിന്റെ സ്‌മാരകം മാലിന്യക്കൂമ്പാരത്തിൽ

മട്ടാഞ്ചേരി വെടിവയ്‌പ്പിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുന്നു
മട്ടാഞ്ചേരി
1953 സെപ്റ്റംബർ 15ന് നടന്ന മട്ടാഞ്ചേരി വെടിവയ്‌പ്പിന്റെ ഓർമകൾ പേറുന്ന അപൂർവ ചരിത്രസ്‌മാരകമായ പോസ്റ്റ് ഓഫീസ് കെട്ടിടം മാലിന്യക്കൂമ്പാരമായി. തോക്കുധാരികളായ പട്ടാളക്കാർക്കെതിരെ ധീരതയോടെ പോരാടിയ സെയ്‌തുവും സെയ്‌താലിയും പട്ടാളക്കാരെ പ്രതിരോധിച്ചത് ഈ കെട്ടിടത്തിൽ നിന്നായിരുന്നു. കെട്ടിടത്തിൽ വെടിയേറ്റതിന്റെ രണ്ട് പാടുകളും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
പട്ടാളത്തിന്റെ വെടിയേറ്റ് സെയ്‌തുവും സെയ്‌താലിയും രക്തസാക്ഷിത്വം വരിച്ചതും ഈ കെട്ടിടത്തിന് സമീപത്താണ്. മട്ടാഞ്ചേരിയുടെ പോരാട്ടചരിത്രത്തിന്റെ പ്രധാന സാക്ഷിയായ കെട്ടിടം സംരക്ഷിക്കപ്പെടേണ്ടതിനുപകരം മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറിയതിൽ പ്രതിഷേധം ശക്തമാണ്. ചരിത്രപ്രാധാന്യമുള്ള കെട്ടിടം സംരക്ഷിച്ച് സ്‌മാരകമായി നിലനിർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.









0 comments