മലയാറ്റൂർ മണപ്പാട്ടുചിറ
അനധികൃത കൈയേറ്റം ഒഴിപ്പിക്കാതെ സ്‌റ്റേജ് നിർമാണം

മലയാറ്റൂർ മണപ്പാട്ടുചിറയ്ക്ക് സമീപത്തെ സ്റ്റേജ് നിർമാണം
കാലടി
മലയാറ്റൂർ മണപ്പാട്ടുചിറയോട് ചേർന്നുള്ള മൈതാനത്ത് അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാതെ സ്‌റ്റേജ് നിർമിക്കാനുള്ള മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധം. നിർമാണം ആരംഭിക്കാനുള്ള ശ്രമം എൽഡിഎഫ് തടഞ്ഞു. കൈയേറ്റക്കാർക്ക് ഒത്താശചെയ്യുംവിധം നിർമാണവുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ എൽഡിഎ--ഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
ചിറയോടുചേർന്നുള്ള ഭൂമി സംബന്ധിച്ച് ജലവിഭവവകുപ്പും പഞ്ചായത്തും തമ്മിൽ കേസുകൾ നിലനിന്നിരുന്നു. ആ കേസിൽ പഞ്ചായത്തിന് അനുകൂല വിധി വന്നിട്ടുണ്ട്. എന്നാൽ, മണപ്പാട്ടുചിറയുടെ ഏതൊക്കെ സ്ഥലങ്ങൾ പഞ്ചായത്തിന്റെതാണെന്ന് വ്യക്തതയില്ല. പഞ്ചയത്തിന് അർഹതപ്പെട്ട ഭൂമി കൃത്യമായി അളന്നുതിട്ടപ്പെടുത്താതെ തിടുക്കത്തിൽ ഓപ്പൺ സ്റ്റേജ് നിർമാണം തുടങ്ങിയതിനു പിന്നിൽ കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന ആക്ഷേപം ശക്തമാണ്.
പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിച്ചശേഷം മാത്രമെ ഓപ്പൺ സ്റ്റേജ് നിർമാണം നടത്താൻപാടുള്ളൂ എന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് സിപിഐ എം ലോക്കൽ സെക്രട്ടറി സി എസ് ബോസ്, സിപിഐ ലോക്കൽ സെക്രട്ടറി വി എ ജോബി, വാർഡ് മെമ്പർ ബിൻസി ജോയ്, പി ജെ ബിജു, സാജൻ പാലമറ്റം, കെ എ തോമസ് എന്നിവർ നേതൃത്വം നൽകി.










0 comments