കേൾവിക്കുറവിന് പരിഹാരമായി മമ്മൂട്ടിയുടെ ‘കാതോട് കാതോരം'

ആലുവ
കേൾവിപരിമിതിയുള്ള നിർധനരായവർക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതി കൊച്ചിയിൽ നടൻ മമ്മൂട്ടി പ്രഖ്യാപിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വാർഷികത്തിൽ ‘കാതോട് കാതോരം' പദ്ധതി നടപ്പാക്കുന്നത്.

‘കേൾവി അനുഗ്രഹമാണ്. അത് ലഭിക്കാതെപോയ ധാരാളം പേരുണ്ട്. അവർക്കുവേണ്ടിയാണ് പദ്ധതി’’ – ‘കാതോട് കാതോരം’ പ്രഖ്യാപിച്ച് മമ്മൂട്ടി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് ശസ്ത്രക്രിയയും തുടർചികിത്സയും പൂർണമായും സൗജന്യമായി നൽകും. പൂർവികം, ഹൃദ്യം, ആശ്വാസം, വാത്സല്യം പദ്ധതികൾക്കുശേഷം മമ്മൂട്ടിയുമായി ചേർന്ന് രാജഗിരി നടപ്പാക്കുന്ന പദ്ധതിയാണ് ‘കാതോട് കാതോരം'.
വാർഷികാഘോഷം മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ അധ്യക്ഷനായി. ഡിജിപി റവാഡ എ ചന്ദ്രശേഖർ മുഖ്യാതിഥിയായി. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ കാളിരാജ് മഹേഷ് കുമാർ, വിജു ജേക്കബ്, റോയ് എം മാത്യു, റോബർട്ട് കുര്യാക്കോസ്, സി പി സാലിഹ്, ഡോ. രാജേഷ് രാജു ജോർജ് എന്നിവർ സംസാരിച്ചു. കേൾവിപരിമിതി മെഡിക്കൽ സർട്ടിഫിക്കറ്റ്, ജനന, കുടുംബ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. ഫോൺ: +91 75590 22111.











0 comments