കൃത്രിമക്കാൽ നൽകാൻ മമ്മൂട്ടി ; 'നടക്കും' എന്ന ഉറപ്പിൽ സന്ധ്യ

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതര പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള സന്ധ്യയുമായി നടൻ മമ്മൂട്ടി വീഡിയോ കോളിൽ സംസാരിക്കുന്നു
ആലുവ
അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതര പരിക്കേറ്റ് കാൽമുറിച്ചുമാറ്റേണ്ടിവന്ന സന്ധ്യ ബിജുവിന് കൃത്രിമക്കാൽ നൽകാൻ നടൻ മമ്മൂട്ടി.
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യയെ മമ്മൂട്ടി വീഡിയോ കോളിലൂടെ സാന്ത്വനിപ്പിച്ചു. ‘‘കാലിന് ഇപ്പോൾ എങ്ങനെയുണ്ട്, എല്ലാം ശരിയാകും’’ എന്ന് പറഞ്ഞ മമ്മൂട്ടി അടിമാലിയിൽ വീട് നിർമിക്കുന്നതിന് ഇടപെടൽ നടത്താമെന്ന് ഉറപ്പും നൽകി.
സന്ധ്യയുടെ സുഖവിവരം അറിയുന്നതിന് രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ് ജോസ് പോളിന്റെ ഫോണിലേക്കായിരുന്നു മമ്മൂട്ടിയുടെ വീഡിയോ കോൾ. ചികിത്സാച്ചെലവുകൾ ഏറ്റെടുത്തിരുന്ന മമ്മൂട്ടി കൃത്രിമക്കാൽ വയ്‌ക്കുന്നതിന് സഹായം നൽകാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരന് നിർദേശവും നൽകി.
ഒക്ടോബർ 25ന് ഉണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചു. തകർന്ന വീട്ടിൽ മണിക്കൂറുകളോളം കുടുങ്ങിയ സന്ധ്യയെ രാജഗിരിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും അസ്ഥികൾ ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ അവസ്ഥയിലുമായിരുന്നു.
തുടർന്നാണ് ഇടത്തേ കാൽമുട്ടിന് മുകളിൽവച്ച് നീക്കംചെയ്തത്. മുറിവുകൾ ഉണങ്ങി പരസഹായത്തോടെ നടക്കാനാരംഭിച്ച സന്ധ്യ വാടകവീട്ടിലേക്കാണ് മടങ്ങുന്നത്.
പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജിജിരാജ് കുളങ്ങര, സീനിയർ കൺസൾട്ടന്റ് ഡോ. ഗെലി ഇറ്റെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. രണ്ടാഴ്ചയ്ക്കുശേഷം കൃത്രിമക്കാൽ ഘടിപ്പിക്കും. അർബുദം ബാധിച്ച് കഴിഞ്ഞവർഷം മകനും മരിച്ചതോടെ നഴ്സിങ് വിദ്യാർഥിയായ മകൾ മാത്രമാണ് സന്ധ്യക്ക് തുണ. സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.









0 comments