മഹിളാ അസോ. ജില്ലാ സമ്മേളനം സമാപിച്ചു
തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ പ്രതിഷേധിക്കുക

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഇ പത്മാവതി സംസാരിക്കുന്നു
കൊച്ചി
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാർവത്രിക തൊഴിൽ അവകാശം നടപ്പാക്കുന്നതായിരുന്നു. രാജ്യം കണ്ട മികച്ച സാമൂഹ്യസുരക്ഷാ പദ്ധതിയുടെ പേരിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് കേന്ദ്രം ഒഴിവാക്കി. കാർഷിക സീസണിൽ തൊഴിലുറപ്പ് പദ്ധതി നടത്താൻ പാടില്ലെന്ന പുതിയവ്യവസ്ഥ തികച്ചും തൊഴിലാളിവിരുദ്ധമാണ്. എൻഡിഎയുടെ കോർപറേറ്റ് അനുകൂല അജൻഡയുടെ ഭാഗമായാണിത്. തൊഴിൽ അവകാശം കവർന്നെടുക്കുന്ന നീക്കത്തിൽ സമ്മേളനം പ്രതിഷേധിച്ചു. വർഗീയതയെ ചെറുക്കുക മതനിരപേക്ഷമൂല്യങ്ങൾ സംരക്ഷിക്കുക, തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, സ്‌ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക – കാവിവൽക്കരണത്തെ ചെറുക്കുക, പ്രീപ്രൈമറി അധ്യാപകരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പൊതുചർച്ച തിങ്കളാഴ്‌ചയും തുടർന്നു. സംസ്ഥാന ട്രഷറർ ഇ പത്മാവതി, ജില്ലാ സെക്രട്ടറി പുഷ്‌പ ദാസ് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ മേരി തോമസ്, കെ ആർ വിജയ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉഷാ പ്രഭുകുമാർ, കെ ബിനുമോൾ, കെ ആർ കെ പുഷ്പജ എന്നിവർ സംസാരിച്ചു.
ബീന ബാബുരാജ് പ്രസിഡന്റ്, എം ബി ഷൈനി സെക്രട്ടറി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ബീന ബാബുരാജിനെയും സെക്രട്ടറിയായി എം ബി ഷൈനിയെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
റീന അജയകുമാറാണ് ജില്ലാ ട്രഷറർ. മറ്റു ഭാരവാഹികൾ: പി ആർ രചന, ബീന മഹേഷ്, മേരി ജോർജ് തോട്ടം (വൈസ് പ്രസിഡന്റുമാർ), റഷീദ സലിം, ഷിജി ശിവജി, ഓമന ധർമൻ (ജോയിന്റ് സെക്രട്ടറിമാർ), ജുബൈരിയ ഐസക്, ഡോ. രമാകുമാരി, ഷാലി ജയിൻ, സി കെ തങ്കമണി, സി ഡി ബിന്ദു, നിർമല മോഹനൻ, ജിഷ ശ്യാം, എസ് സ്വാതി, മീനു സുകുമാരൻ, എൽ മാഗി, സി പി ഉഷ (എക്‌സിക്യൂട്ടീവ് കമ്മിറ്റി). 58 പേരടങ്ങിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളായി 52 പേരെയും സമ്മേളനം തെരഞ്ഞെടുത്തു.











0 comments