സ്‌ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് പോരാടണം: മന്ത്രി ആർ ബിന്ദു
മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) ജില്ലാ സമ്മേളനത്തിന് എം സി ജോസഫൈൻ നഗറിൽ (തൃക്കാക്കര കമ്യൂണിറ്റി ഹാൾ) ആവേശോജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് ടി വി അനിത പതാക ഉയർത്തി. ജുബൈരിയ ഐസക് രക്തസാക്ഷിപ്രമേയവും റീന അജയകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗവും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ആർ ബിന്ദു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി അനിത അധ്യക്ഷയായി.
സംസ്ഥാന ട്രഷറർ ഇ പത്മാവതി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പുഷ്‌പ ദാസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ടെസി ജേക്കബ് കണക്കും അവതരിപ്പിച്ചു. ടി വി അനിത, എൻ സി ഉഷാകുമാരി, കെ ആർ പത്മം, ദീപ വർമ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എം ബി ഷൈനി കൺവീനറായ പ്രമേയം കമ്മിറ്റിയും റഷീദ സലീം കൺവീനറായ മിനുട്ട്‌സ് കമ്മിറ്റിയും ബീന ബാബുരാജ് കൺവീനറായ ക്രഡൻഷ്യൻ കമ്മിറ്റിയും ടെസി ജേക്കബ് കൺവീനറായ രജിസ്‌ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ മേരി തോമസ്, കെ ആർ വിജയ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പുഷ്പജ, കെ ബിനുമോൾ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ടി എസ് സുഗതൻ സ്വാഗതം പറഞ്ഞു.
16 ഏരിയ കമ്മിറ്റികളിൽനിന്നായി 310 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രതിനിധിസമ്മേളനം തിങ്കളാഴ്‌ചയും തുടരും. ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് എന്നിവയും തിങ്കളാഴ്‌ച നടക്കും.
സ്‌ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് പോരാടണം: മന്ത്രി ആർ ബിന്ദു
സ്‌ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് സമർഥമായി ഇടപെടാനും അസമത്വങ്ങൾക്കെതിരെ കൂടുതൽ കരുത്തോടെ പോരാടാനും മഹിളാ അസോസിയേഷന് കഴിയണമെന്ന് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്‌ത്രീകൾ സ്വാതന്ത്ര്യമർഹിക്കുന്നില്ലെന്ന് പറയുന്ന മനുസ്‌മൃതി ഭരണഘടനയാക്കാൻ ശ്രമിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇതിനനുകൂലമായി സമൂഹത്തിൽ വളർന്നുവരുന്ന ജനാധിപത്യവിരുദ്ധത തിരിച്ചറിഞ്ഞ് പ്രതിരോധകവചം തീർക്കേണ്ടത് പ്രധാന കടമയാണെന്നും മന്ത്രി പറഞ്ഞു. വെനസ്വേലയിലുണ്ടായത് ജനാധിപത്യവിരുദ്ധവും സേച്ഛ്വാധിപത്യപരവുമായ നടപടിയാണ്. സാമ്രാജ്യത്വത്തിനെതിരെ സാഹോദര്യവും മാനവികതയും ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്‌ത്രീസുരക്ഷാ പദ്ധതി: സർക്കാരിന് അഭിനന്ദനം
സ്‌ത്രീകളുടെ ആത്മാഭിമാനം ഉയർത്തുകയും സാമ്പത്തിക സ്വയംപര്യാപ്‌തതയിലേക്ക് എത്തിക്കുകയും ചെയ്യുന്ന സ്‌ത്രീസുരക്ഷാ പദ്ധതി നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം അഭിനന്ദിച്ചു. വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന ഇടതുപക്ഷ സർക്കാരിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ തീരുമാനം സ്‌ത്രീസുരക്ഷാ പദ്ധതിയിലൂടെ യാഥാർഥ്യമായി. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള സ്‌ത്രീകൾക്കുമാത്രമായി ചുരുക്കാതെ സാമൂഹ്യക്ഷേമ പെൻഷൻ മാനദണ്ഡം ഉപയോഗിച്ച് ഗുണഭോക്താക്കളെ നിർണയിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വെനസ്വേലയ്‌ക്കുനേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തെ അപലപിച്ചുള്ള പ്രമേയവും സമ്മേളനം അംഗീകരിച്ചു. വെനസ്വേലയിൽ ഭരണം അട്ടിമറിക്കാനും എണ്ണശേഖരം കൈക്കലാക്കാനും ഏകപക്ഷീയ ആക്രമണമാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വ നയത്തിനെതിരെ പൊരുതുന്ന വെനസ്വേലൻ ജനതയ്‌ക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.











0 comments