മഹനീയം മഹാരാജകീയം ; ശതോത്തര സുവർണജൂബിലി ആഘോഷ ഉദ്‌ഘാടനം ഇന്ന്

കൊച്ചി
പേരുപോലെ രാജകീയമാണ് തലമുറകളെ ത്രസിപ്പിക്കുന്ന മഹാരാജാസ് കോളേജിന്റെ പെരുമ. മഹാരഥന്മാരായ അധ്യാപകപ്രമുഖരുടെ നീണ്ടനിര, രാജ്യാന്തരതലത്തിൽവരെ പേരെടുത്ത് പ്രതാപികളായ വിദ്യാർഥികൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ച കലാലയകാലത്തെ ഇവരെല്ലാം മഹാരാജകീയം എന്ന ഒറ്റവാക്കിൽ അടയാളപ്പെടുത്തുന്നു. അറിവിനും അവസരങ്ങൾക്കുമൊപ്പം സൗഹൃദവും സഹാനുഭൂതിയും നിറഞ്ഞ വിശാലലോകവും തലമുറകൾക്കുമുന്നിൽ തുറന്നിട്ട കലാലയത്തിന് ശതോത്തര സുവർണജൂബിലി ചെറുപ്പം. ഒരുവർഷത്തെ ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചൊവ്വ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കൊച്ചിൻ സർക്കാർ 1845-ൽ ഒറ്റമുറിയിൽ തുടങ്ങിയ എലമെന്ററി ഇംഗ്ലീഷ് വിദ്യാലയം പടിപടിയായി പരിണമിച്ചതാണ് ഇന്നു കാണുന്ന കലാലയം. 1875-ൽ കോളേജായെങ്കിലും 1925 സുവർണജൂബിലി വർഷത്തിലാണ് മഹാരാജാസ് കോളേജ് എന്ന പേര് വന്നത്. ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തിലും അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഉയർന്ന ജനകീയമുന്നേറ്റങ്ങളിലും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള സമരങ്ങളിലുമെല്ലാം മഹാരാജാസിലെ പ്രബുദ്ധ വിദ്യാർഥിസമൂഹത്തിന്റെ കരുത്താർന്ന സാന്നിധ്യം ചരിത്രം അടയാളപ്പെടുത്തി. തലമുറകൾ നമിക്കുന്ന ഗുരുനാഥർ, രാഷ്‌ട്രീയ–-ഭരണ രംഗങ്ങളിൽ രാജ്യത്തെ നയിച്ചവർ, കലാ–-സാഹിത്യ ചക്രവാളങ്ങൾ കീഴടക്കിയ സാംസ്‌കാരികനായകർ, ബ്യൂറോക്രാറ്റുകൾ എന്നിങ്ങനെ മഹാരാജാസ് ലോകത്തിന് സംഭാവനചെയ്‌ത മഹത്തുക്കൾ ഏറെ.
1947-ലാണ് ബിരുദാനന്തരബിരുദ ക്ലാസുകൾ തുടങ്ങിയത്. 1983 മുതൽ എംജി സർവകലാശാലയ്ക്കുകീഴിലാണ്. നിലവിൽ 18 വിഷയങ്ങളിൽ ഗവേഷണസൗകര്യവും 20 ബിരുദ കോഴ്‌സും 22 ബിരുദാനന്തര കോഴ്സുകളും ഒരു ഇന്റഗ്രേറ്റഡ് പിജി കോഴ്സുമുണ്ട്. മൂന്ന് ഹോസ്റ്റൽ, കളിസ്ഥലം, ലാബുകൾ, ലൈബ്രറി എന്നിവയുമുണ്ട്. 2021ൽ നാക് എ ഗ്രേഡ് പദവിയും 2015ൽ സ്വയംഭരണപദവിയും നേടി.
ശതോത്തര ജൂബിലി സമ്മാനമായി നിർമിച്ച അത്യാധുനിക ഓഡിറ്റോറിയവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കിഫ്ബി ഫണ്ടില്‍നിന്നുള്ള 15.45 കോടി ചെലവഴിച്ച് ഊരാളുങ്കൽ സൊസൈറ്റിയാണ് 3875.65 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഓഡിറ്റോറിയം നിര്‍മിച്ചത്. മൂന്നുനിലയുണ്ട്. പ്രധാന ഹാളിൽ 700 പേർക്കും ബാൽക്കണിയിൽ 350 പേർക്കും ഇരിക്കാം.











0 comments