മഹാരാജാസിൽ അപൂർവസംഗമം ; പ്രിൻസിപ്പലായ മകനൊപ്പമെത്തി പൂർവവിദ്യാർഥിയായ അച്ഛൻ

മഹാരാജാസിലെ ഗണിതവിഭാഗം പൂർവവിദ്യാർഥിസംഗമം "ഇന്റഗ്രേറ്റിങ് മെമ്മറീസ്' പരിപാടിയിൽ പൂർവവിദ്യാർഥിയായ അച്ഛൻ നരസിംഹ ഷേണായിയെ ആദരിക്കുന്ന പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ്. പ്രൊഫ. എ രമമേനോൻ സമീപം
കൊച്ചി
പൂർവവിദ്യാർഥിയായ അച്ഛനും പ്രിൻസിപ്പലായ മകനും ഒരുമിച്ചെത്തിയ നിമിഷത്തിന് സാക്ഷിയായി മഹാരാജാസിലെ ഗണിതവിഭാഗം പൂർവവിദ്യാർഥിസംഗമം "ഇന്റഗ്രേറ്റിങ് മെമ്മറീസ്'. പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശും അച്ഛൻ ജി നരസിംഹ ഷേണായിയുമാണ് സംഗമത്തിനെത്തിയത്. 1963–69 കാലത്താണ് നരസിംഹ ഷേണായ് മഹാരാജാസിൽ പഠിച്ചത്, പ്രീയൂണിവേഴ്‌സിറ്റിമുതൽ ബിരുദാനന്തരബിരുദംവരെ. പിന്നീട് ആലപ്പുഴ എസ്‌ഡി കോളേജിൽ ഗണിത അധ്യാപകനായി. പഠിച്ച കോളേജിലേക്ക് മകൻ പ്രിൻസിപ്പലായിരിക്കെ വരാനായതിൽ വലിയ സന്തോഷമുണ്ടെന്ന് എഴുപത്തൊന്പതുകാരനായ ഷേണായ് പറഞ്ഞു. 2021ൽ മാഹാരാജാസിൽ ഗണിത അധ്യാപകനായെത്തുമ്പോൾ ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ജി എൻ പ്രകാശ് പറഞ്ഞു. അമ്മ ലളിത ഷേണായും മഹാരാജാസിലാണ് പഠിച്ചത്. എസ്‌ഡി കോളേജിൽ തന്നെയും സഹോദരങ്ങളായ പ്രശാന്തിനെയും പ്രജിതയെയും അച്ഛൻ പഠിപ്പിച്ചിട്ടുണ്ടെന്നും ജി എൻ പ്രകാശ് പറഞ്ഞു.
മഹാരാജാസിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗമം, നൂറാംവാർഷികാഘോഷ സമയത്ത് അധ്യാപികയായിരുന്ന പ്രൊഫ. എ രമ മേനോൻ ഉദ്‌ഘാടനം ചെയ്തു. രമ മേനോൻ പഠിച്ചതും മഹാരാജാസിലാണ്. ‘‘1953ൽ ആണ് മാഹാരാജാസിൽ ചേരുന്നത്. ബന്ധുക്കളും സഹോദരങ്ങളും മക്കളായ രവിയും രാധയുമെല്ലാം പഠിച്ചതും ഇവിടെയാണ്. അമ്മാവൻ പ്രൊഫ. ചന്ദ്രഹാസൻ മഹാരാജാസിന്റെ പ്രിൻസിപ്പലായിരുന്നു. വീടുവിട്ടാൽ ഏറ്റവും കൂടുതൽ ബന്ധം കോളേജുമായാണ്'’ പ്രൊഫ. എ രമ മേനോൻ പറഞ്ഞു. നൂറാം വാർഷികാഘോഷവേളയിൽ അധ്യാപകർ പിശുക്കന്റെ കല്യാണം എന്ന നാടകം അവതരിപ്പിച്ചതും ഓർത്തെടുത്തു.
ഗണിതവിഭാഗം പൂർവവിദ്യാർഥി അസോസിയേഷൻ "മമത'യുടെ പ്രസിഡന്റാണ് രമ മേനാൻ. പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ് അധ്യക്ഷനായി. ഡോ. പി ജി ശങ്കരൻ, ഡോ. കെ പ്രവാസ്, ഡോ. ആർ ബാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. വിരമിച്ച അധ്യാപകരെയും പൂർവവിദ്യാർഥികളെയും പിഎച്ച്‌ഡി ജേതാക്കളെയും ആദരിച്ചു.










0 comments