കൺനിറയെ വിസ്‌മയം; മഹാരാജാസ് പ്രദര്‍ശനം ഇന്നുകൂടി

കൊച്ചി
"എത്ര പാമ്പുകളാ, എങ്ങനാ ഇതിനെയൊക്കെ കുപ്പിക്കകത്താക്കിയത് ?'– മഹാരാജാസ് കോളേജിലെ മെഗാപ്രദര്‍ശനം കാണാനെത്തിയ എറണാകുളം ഗവ. ഗേള്‍സ് യുപിഎസിലെ വിദ്യാര്‍ഥികള്‍ക്ക് കൗതുകം. 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിലൊരുക്കിയ സുവോളജി മ്യൂസിയത്തിലെ കാഴ്ചകള്‍ നോട്ട്‌ബുക്കില്‍ കുറിച്ചെടുക്കുന്നുമുണ്ട് അവര്‍. കണ്ട കാഴ്ചകളുടെ കുറിപ്പ് തയ്യാറാക്കണമെന്ന അധ്യാപകരുടെ നിര്‍ദേശപ്രകാരമാണ് കുട്ടികള്‍ ഓരോന്നും എഴുതിയെടുക്കുന്നത്. സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും മഹാരാജാസിലെ വിസ്മയലോകം കാണാനെത്തി. ഏഴ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള 1500ഓളം ജീവിവർഗങ്ങളാണ് രാജ്യത്തെ ആദ്യ സുവോളജി മ്യൂസിയത്തിലുള്ളത്.
"കവര് വെളിച്ചം തെളിഞ്ഞ് അടിച്ചുകേറി വരട്ടെ'
രസതന്ത്രലാബില്‍ പിജി വിദ്യാര്‍ഥികള്‍ ഒരുക്കുന്ന കവരിന്റെ വിസ്മയക്കാഴ്ച കാണാനും തിരക്കേറെ. ലൂമിനോള്‍, സോഡിയം ഹൈഡ്രോക്സൈഡ്, ഹൈഡ്രജന്‍ പെറോക്സൈഡ്, പൊട്ടാസ്യം ഫെറിസൈനൈഡ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ ‘കവര്' ഒരുക്കുന്നത്. ചൂടില്ലാതെയുള്ള രാസപ്രവര്‍ത്തനത്തിലൂടെ നേരിട്ട് പ്രകാശം ഉല്‍പ്പാദിപ്പിക്കുന്ന ‘കെമിലൂമിനസെന്‍സ്' എന്ന പ്രക്രിയയാണിത്. കെ മേഘ, സി എ ഫാത്തിമ, ജന്നത്ത് റഹീം, ജോഫിന്‍ ജോളി, അമീന ഷൂജ എന്നീ രസതന്ത്രവിദ്യാര്‍ഥികളാണ് ഇതിനുപിന്നില്‍.
കലാലയത്തിന്റെ അക്കാദമിക് ശേഖരത്തിലുള്ളവ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടുത്തലാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
പ്രദർശനം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജോളി വി ആന്റണി അധ്യക്ഷയായി. ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി, മഹാരാജാസ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി വി സുജ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അഫ്രീദ്, കോ ഓർഡിനേറ്റർ ഡോ. സ്റ്റീഫൻ സെക്യൂറ എന്നിവർ സംസാരിച്ചു. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും. സമാപനദിവസം ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് വിക്രംസാരാഭായ് സ്‌പേസ് സെന്ററിന്റെ മിസൈൽ ടെക്‌നോളജി പ്രദർശനവുമുണ്ടാകും.










0 comments