ad
Deshabhimani

പട്ടണം റഷീദ്‌ ഒരുക്കുന്ന ആദ്യനാടകം

‘എം ടി മലയാളത്തിന്റെ രണ്ടക്ഷരം’ 
ഇന്ന്‌ അരങ്ങിൽ

M T

നാടക പരിശീലന ക്യാന്പിൽ അഭിനേതാക്കൾക്കൊപ്പം പട്ടണം റഷീദ്‌

വെബ് ഡെസ്ക്

Published on Dec 28, 2025, 12:23 AM | 1 min read

 കൊച്ചി


പ്രശസ്‌ത ചമയകലാകാരൻ പട്ടണം റഷീദ്‌ സംവിധായക വേഷമിട്ട്‌ ചമയിച്ചൊരുക്കുന്ന ആദ്യനാടകം അരങ്ങിലേക്ക്‌. എം ടി വാസുദേവൻനായരുടെ വ്യക്തി –കഥാ പ്രപഞ്ചത്തെ പ്രമേയമാക്കിയ ‘എം ടി മലയാളത്തിന്റെ രണ്ടക്ഷരം’ നാടകത്തിലൂടെയാണ്‌ പട്ടണം റഷീദ്‌ സംവിധായകനാകുന്നത്‌. ഞായർ രാത്രി ഏഴിന്‌ ചാവറ കൾച്ചറൽ സെന്ററിലാണ്‌ ആദ്യ അവതരണം.


എം ടി എഴുത്തിലൂടെ അനശ്വരമാക്കി കഥാപാത്രങ്ങളും ജീവിതത്തിലൂടെ സന്പന്നമാക്കിയ സ‍ൗഹൃദങ്ങളുമാണ്‌ ഒന്നരമണിക്കൂർ നാടകത്തിൽ കടന്നുവരുന്നത്‌. ‘നിർമാല്യം’ സിനിമയിൽ പി ജെ ആന്റണി ജീവൻപകർന്ന വെളിച്ചപ്പാട്‌, ‘രണ്ടാമൂഴ’ത്തിലെ ഭീമൻ തുടങ്ങിയവർ അതിൽ ചിലർ. എം ടി കഥാപാത്രങ്ങളെ വരച്ചിട്ട ആർട്ടിസ്‌റ്റ്‌ നന്പൂതിരി, എഴുത്തിലും പൂത്തുലഞ്ഞ ചങ്ങാത്തം എൻ പി മുഹമ്മദ്‌, നൂലൻ എന്ന്‌ കളിയാക്കിയ വൈക്കം മുഹമ്മദ്‌ ബഷീർ തുടങ്ങിയവരാണ്‌ നാടകത്തിൽ കഥാപാത്രമാകുന്ന സ‍ൗഹൃദങ്ങളിൽ ചിലത്‌.


എം ടിയുടെ മാന്ത്രികത്തൂലിക എഴുതിവച്ചതും സ‍ൗഹാർദങ്ങളിലൂടെ പങ്കിട്ടതുമായ മാനവികതയുടെ ആശയത്തിനാണ്‌ നാടകത്തിൽ ഉ‍ൗന്നൽ. സമകാലിക സമൂഹത്തെ അസ്വസ്ഥമാക്കുന്ന രാഷ്‌ട്രീയാവസ്ഥകളെ അതിലൂടെ സംബോധന ചെയ്യാനാണ്‌ നാടകത്തിലൂടെ ശ്രമിക്കുന്നതെന്ന്‌ ആലുവ ടാസ്‌ ഓഡിറ്റോറിയത്തിൽ പൂർത്തിയാകുന്ന അവസാനവട്ട പരിശീലന ക്യാന്പിന്‌ നേതൃത്വം നൽകി പട്ടണം റഷീദ്‌ പറഞ്ഞു. നാടകം എക്കാലവും തന്റെ ഒപ്പമുണ്ട്‌. എം ടിയുടെ പഴശിരാജവരെയുള്ള പ്രധാന സിനിമകളിലെല്ലാം ചമയമൊരുക്കി. എഴുത്തിലും ജീവിതത്തിലും അദ്ദേഹം പറഞ്ഞുവച്ചതു പലതും ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രസക്തമാണെന്ന്‌ പറയാൻകൂടിയാണ്‌ പുതിയ ദ‍ൗത്യമെന്നും പട്ടണം റഷീദ്‌ പറഞ്ഞു.


ബിനുലാൽ ഉണ്ണിയാണ്‌ രചന. ക്രിയേറ്റീവ്‌ ഡയറക്ടർ: ഡോ. ശ്രീജിത്ത്‌ രമണൻ. ആർട്ടിസ്‌റ്റ്‌ സുജാതൻ, റഫീഖ്‌ അഹമ്മദ്‌, ബിജിപാൽ, ഇന്ദ്രൻസ്‌ ജയൻ, ശ്രീകാന്ത്‌ കാമിയോ, നാരായണ ഭട്ടതിരി, പട്ടണം ഷാ തുടങ്ങിയവരാണ്‌ അണിയറയിലെ മറ്റു പ്രധാനികൾ. ബാബു അന്നൂർ, രാജേഷ്‌ അഴീക്കോടൻ, ഗോപൻ മങ്ങാട്ട്‌, സജി സോപാനം, കെപിഎസി അനിത, പ്രിയ ശ്രീജിത്ത്‌, അഡ്വ. മീര കേശവൻ തുടങ്ങിയവരും വേഷമിടുന്നു. ഏലൂർ കാഴ്‌ച നാടകസംഘമാണ്‌ നാടകം അരങ്ങിലെത്തിക്കുന്നത്‌. പ്രവേശനം പാസ്‌ മൂലം. ​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home