ബ്രഹ്മപുരത്തെ വീണ്ടും പഴയ സ്ഥിതിയിലാക്കരുത്
നഗരമാലിന്യക്കണക്ക് പെരുപ്പിച്ചുകാണിക്കുന്നത് അഴിമതിക്ക്: എം അനിൽകുമാർ

കൊച്ചി
ബ്രഹ്മപുരത്ത് സംസ്‌കരിക്കേണ്ട മാലിന്യത്തിന്റെ കണക്ക് പെരുപ്പിച്ചുകാണിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കാനെന്ന് മുൻ മേയറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനിൽകുമാർ. വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് ബ്രഹ്മപുരത്തെ പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകരുത്. മാസ്റ്റർപ്ലാനിൽ ഭേദഗതി വരുത്തുന്നത് നിലവിലെ സംവിധാനം തകർക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2020ൽ എൽഡിഎഫ് ചുമതലയേറ്റപ്പോൾ ബ്രഹ്മപുരത്തിന്റെ അവസ്ഥയും ഇപ്പോഴത്ത അവസ്ഥയും എല്ലാവർക്കും അറിയാം. കൂടുതൽ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇനി ചെയ്യേണ്ടത്. അത് നികുതിദായകരുടെ പണം അനാവശ്യമായി ചെലവിടാനാകരുത്.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം ബ്രഹ്മപുരം സന്ദർശിച്ച മേയർ വി കെ മിനിമോൾ പറഞ്ഞത്. എൽഡിഎഫ് വരുന്പോൾ അവിടെ പത്തരലക്ഷം ടൺ മാലിന്യമുണ്ടായിരുന്നു. 99 ശതമാനവും സംസ്‌കരിച്ച് സ്ഥലം വീണ്ടെടുത്തു. ഇനിയും 2.5 ലക്ഷം ടൺ ബാക്കികിടക്കുന്നുണ്ടെന്ന് മേയർ പറഞ്ഞത് ശരിയല്ല. മുൻ മേയർമാരായ മേഴ്‌സി വില്യംസിന്റെയും ടോണി ചമ്മണിയുടെയും കാലത്ത് ശാസ്‌ത്രീയമായി മണ്ണടിച്ച് സംസ്‌കരിച്ച മാലിന്യം വീണ്ടും ബയോമൈനിങ് ചെയ്യേണ്ടതില്ല. അക്കാര്യത്തിൽ യുഡിഎഫ് അംഗങ്ങളും യോജിച്ചിട്ടുള്ളതാണ്.
ബിഎസ്‌എഫ് പ്ലാന്റിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള വിർമശവും ശരിയല്ല. 150 ടൺ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി ബ്രഹ്മപുരത്തുണ്ട്. ബിപിസിഎല്ലിന്റെ സഹായത്തോടെ പുതിയ സിബിജി പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 180 ടൺവരെ സംസ്‌കരിക്കണമെങ്കിൽ മറ്റൊരു വിൻഡ്രോ പ്ലാന്റ്‌കൂടി നിർമിച്ചാൽ മതിയാകും.
നഗരമാലിന്യത്തിന്റെ അളവ് പെരുപ്പിച്ചുകാട്ടി നിലവിലെ സംവിധാനം തകർക്കുന്നത് അഴിമതിക്ക് വഴിവയ്‌ക്കും. മാലിന്യസംസ്‌കരണ സൗകര്യങ്ങളൊരുക്കാനും വാഹനങ്ങൾ വാടകയ്‌ക്കെടുക്കാനും വലിയ തുകയാകും. ഇതെല്ലാം അഴിമതിയിലേക്ക് നയിക്കും. ബ്രഹ്മപുരത്തേക്ക് അളവിൽക്കൂടുതൽ മാലിന്യമെത്തുന്നുണ്ടെങ്കിൽ അത് പരിമിതപ്പെടുത്തണം. ബയോമൈനിങ്ങിനുശേഷം ഭൂമി താഴ്‌ന്നുപോയതാണ് ക്രിക്കറ്റ് കളിച്ചയിടത്ത് വെള്ളം കയറാൻ കാരണം. കടമ്പ്രയാറിന്റെ വശങ്ങൾ കെട്ടിസംരക്ഷിക്കലാണ് അതിന് പരിഹാരം. ബ്രഹ്മപുരത്ത് മാലിന്യമലകൾ നീക്കാൻ സംസ്ഥാന സർക്കാരിന്റെയും മന്ത്രിമാരുടെയും ഇടപെടൽ ഉണ്ടായില്ലെന്ന് പറയരുതെന്നും അനിൽകുമാർ പറഞ്ഞു.
ഇന്ദിര കാന്റീനിന്റെ പേരിൽ സമൃദ്ധിയെ തകർക്കരുത്
ഇന്ദിര കാന്റീനിന്റെ പേരിൽ സമൃദ്ധിയെ തകർക്കരുതെന്ന് മുൻ മേയർ എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ദിരാ കാന്റീൻ കൊണ്ടുവരുന്നതിൽ അഭിപ്രായവ്യത്യാസമില്ല. സമൃദ്ധിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിലും പ്രശ്‌നമില്ല. എന്നാൽ, ഒടുവിൽ ഇന്ദിര കാന്റീനും സമൃദ്ധിയും പൂട്ടുന്ന സ്ഥിതിയുണ്ടാകരുത്. മുമ്പ് എ കെ ആന്റണി ജനകീയാസൂത്രണം എന്നതുമാറ്റി വികേന്ദ്രീകൃതാസൂത്രണമാക്കി. ജനങ്ങൾ അകന്നതോടെ അത് പഴയപടിയാക്കി. കുടുംബശ്രീയെ തകർക്കാൻ യുഡിഎഫ് ജനശ്രീ കൊണ്ടുവന്നു. ജനപിന്തുണയില്ലാതെ അതും തകർന്നു. ഇതുപോലെയാകരുത് ഇന്ദിര കാന്റീൻ. ലോകത്തുതന്നെ അറിയപ്പെടുന്ന പദ്ധതിയാണ് കുടുംബശ്രീ. സമൃദ്ധി തകർന്നാൽ അവിടെ ജോലിചെയ്യുന്ന 250ലേറെ പേരുടെ വരുമാനമാണ് നിലയ്‌ക്കുകയെന്നും അനിൽകുമാർ പറഞ്ഞു.










0 comments