ഏലൂരിൽ കണ്ടെയ്നർ ലോറിയും ടാങ്കർലോറിയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

കളമശേരി
ഏലൂർ കുറ്റിക്കാട്ടുകരയിൽ ഹിൻഡാൽകോ കമ്പനിക്കുസമീപം കണ്ടെയ്നർ ലോറിയും ടാങ്കർലോറിയും കൂട്ടിയിടിച്ച് ടാങ്കർലോറി ഡ്രൈവർക്ക് പരിക്ക്. വെള്ളി രാവിലെ 10.15 ഓടെയായിരുന്നു അപകടം. തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകൾ എത്തിച്ച് പകൽ രണ്ടോടെ വാഹനങ്ങൾ മാറ്റിയശേഷമാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.
കുറ്റിക്കാട്ടുകരയിലേക്ക് കുടിവെള്ളം ശേഖരിക്കാൻ കളമശേരി ഭാഗത്തുനിന്ന് വരികയായിരുന്നു ടാങ്കർലോറി. ലോഡിറക്കിയശേഷം കളമശേരി ഭാഗത്തേക്ക് വരികയായിരുന്നു കണ്ടെയ്നർ ലോറി. ഇറക്കമിറങ്ങി വരികയായിരുന്ന ടാങ്കർലോറി വലതുഭാഗത്തേക്ക് കയറി കണ്ടെയ്നർ ലോറിയുടെ ക്യാബിനിൽ ഇടിച്ചശേഷം കണ്ടെയ്നറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും ക്യാബിൻ തകർന്നു. ക്യാബിനിൽ അകപ്പെട്ട ടാങ്കർലോറി ഡ്രൈവർ അടൂർ സ്വദേശി ഗോപകുമാർ (55) ഏലൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് റോഡരികിൽ അനധികൃത വാഹന പാർക്കിങ് കാരണം തുടർച്ചയായി അപകടങ്ങളുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു.










0 comments