ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് നാല് ജീവപര്യന്തം

ക്രിസ്റ്റിൽ രാജ്
പെരുമ്പാവൂർ
ആലുവ എടയപ്പുറത്ത് സഹോദരനൊപ്പം ഉറങ്ങിക്കിടന്ന ബിഹാർ ദന്പതികളുടെ മകളായ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് നാല് ജീവപര്യന്തവും 35 വർഷം തടവും 20.81 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ചെങ്കൽ വ്ലാത്താങ്കര കടമ്പറയ്ക്കൽ വീട്ടിൽ ക്രിസ്റ്റില്‍ രാജിനെ (കൊക്ക് സതീഷ്– 36) ആണ് ജീവിതാന്ത്യം വരെ പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്. രണ്ടാംപ്രതി ബംഗാൾ സ്വദേശി മുസ്താക്കിനെ വെറുതെവിട്ടു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന കണ്ടെത്തലിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണിത്.
2023 സെപ്തംബര്‍ എഴിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. വാടകവീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ പാടശേഖരത്തിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചശേഷം ഇയാൾ രക്ഷപെടുകയായിരുന്നു. വിവസ്‌ത്രയായി നിലവിളിച്ച് ചോരയൊലിപ്പിച്ച് റോഡിലേക്ക് കയറിവന്ന കുട്ടിയ്ക്ക് നാട്ടുകാർ സംരക്ഷണം നൽകി വിവരം ആലുവ പൊലീസിൽ അറിയിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. മാർത്താണ്ഡവർമ്മ പാലത്തിന് സമീപം പെരിയാറിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് പ്രതിയെ പിടികൂടിയത്.
ബാലിക ഉറങ്ങിക്കിടന്ന വീടിന്റെ വാതിൽ അകത്തുനിന്ന് താഴിട്ട് പൂട്ടിയിരുന്നു. താഴിൽ താക്കോലുണ്ടായിരുന്നു. ജനലിലൂടെ കൈയിട്ട് താക്കോൽ ഉപയോഗിച്ച് താഴ് തുറന്ന് അകത്തു കയറിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സമീപത്തെ വീട്ടിലെ സിസിടിവിയിൽനിന്നാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതി വീട്ടിൽനിന്ന് മൊബൈൽഫോണും കവർന്നിരുന്നു.
പെരുമ്പാവൂർ പോക്സോ കോടതിയിലെ വിചാരണക്കിടയിൽ രണ്ടു തവണ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ക്രിസ്റ്റില്‍ രാജ് ശ്രമിച്ചിരുന്നു. വയോധികയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ. എറണാകുളം റൂറൽ എസ്‌പി ആയിരുന്ന വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി എ പ്രസാദ്, ഇൻസ്പെക്ടർ എം എം മഞ്ജു ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി എ സിന്ധു ഹാജരായി.
ഓര്‍മയില്‍ ഇപ്പോഴും നടുക്കം
ആലുവ
ആലുവ മാർക്കറ്റിൽ അഞ്ചുവയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി ഏറെ നാള്‍ പിന്നിടും മുമ്പായിരുന്നു എടയപ്പുറം സംഭവം. ആലുവയില്‍ ബാലികയെ കൊലപ്പെടുത്തിയത് 2023 ജൂലൈ 28നായിരുന്നു. സഹോദരനൊപ്പം ഉറങ്ങിക്കിടന്ന ബിഹാര്‍ സ്വദേശിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് സെപ്‌തംബർ ഏഴിനും.
നടുക്കത്തോടെയാണ് നാട് ആ വാർത്ത കേട്ടത്. കൃത്യം നടത്തി രാത്രിയോടെ ട്രെയിനിൽ രക്ഷപ്പെടാൻ കണക്കുകൂട്ടിയിരുന്ന പ്രതി ക്രിസ്റ്റിൽ രാജിനെ (കൊക്ക് സതീഷ്– 36) പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
ബാലികയെ തട്ടിക്കൊണ്ടുപോയെന്നും പീഡനത്തിനിരയാക്കിയെന്നും അമ്മയുടെ ഫോൺ നഷ്ടമായെന്നുമുള്ള വിവരങ്ങളാണ് ആദ്യം പൊലീസിന് ലഭിച്ചത്. പ്രതി മലയാളം സംസാരിച്ചെന്നും മനസിലായി. സിസിടിവി ദൃശ്യം, നഷ്ടമായ മൊബൈൽഫോണ്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനൊപ്പം കുട്ടിയുടെ വീടിന് സമീപത്തെയും ടവർ ലൊക്കേഷൻ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങളുമെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഡോക്ടറുടെ വീട്ടിൽനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഈ ദൃശ്യം സംസ്ഥാനത്തെ സ്‌റ്റേഷനുകളിലേക്ക് കൈമാറി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബാറുകൾ, അതിഥിത്തൊഴിലാളികൾ താമസിക്കുന്നയിടങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. ഇതിനിടെ പ്രതി ചെങ്കൽ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതി മാർത്താണ്ഡവർമ പാലത്തിനടിയിലേക്ക് കടന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ക്രിസ്റ്റില്‍രാജ് പെരിയാറിലേക്ക് ചാടി. ഇയാളെ പിടിക്കാന്‍ സിഐടിയു അംഗങ്ങളായ തൊഴിലാളികൾ പുഴയിലേക്ക് ചാടി, പ്രതിയെ കരയ്‌ക്കെത്തിച്ച് ആലുവ സിഐ എം എം മഞ്‌ജുദാസിന് കൈമാറി. സംഭവ ദിവസം എടയപ്പുറത്തെ വീട്ടിലുണ്ടായിരുന്നത് അഞ്ച് കുട്ടികളാണ്. പെൺകുട്ടിക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. ഇവർക്കുപുറമെ അച്ഛന്റെ അനുജന്റെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ അച്ഛനും ഇദ്ദേഹത്തിന്റെ അനുജനും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല..
കുട്ടി നൽകിയ വിവരം നിർണായകമായി
കൊച്ചി
എടയപ്പുറത്ത് പ്രതിയെ പിടികൂടാൻ പെൺകുട്ടി കൈമാറിയ വിവരങ്ങളും നിർണായകമായിരുന്നു. പ്രതി മലയാളമാണ് സംസാരിച്ചിരുന്നതെന്നും അതിക്രൂരമായി ഉപദ്രവിച്ചെന്നും പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചപ്പോൾ അതിലുള്ള വ്യക്തിയാണ് ഉപദ്രവിച്ചതെന്ന് ഉറപ്പിച്ച് പറഞ്ഞു.









0 comments