ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് എളമക്കരയിൽ എൽഡിഎഫ് പ്രവർത്തകർക്കൊപ്പം കലാശക്കൊട്ടിൽ പങ്കെടുക്കുന്നു
കൊച്ചി
ഒരുമാസംനീണ്ട തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണം. എൽഡിഎഫ് സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങളിൽ ഉൗന്നിയുള്ള പരസ്യപ്രചാരണത്തിന്റെ സമാപനദിനമായ ഞായറാഴ്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നാടും നഗരവും ചുവപ്പിൽ മുക്കി. വാദ്യമേളങ്ങൾക്കും ചുവപ്പുതോരണങ്ങൾക്കുമൊപ്പം ആയിരങ്ങൾ അണിനിരന്ന ബഹുജനപ്രവാഹമായി കൊട്ടിക്കലാശം മാറി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ കേന്ദ്രങ്ങളില്‍ നൂറുകണക്കിനുപേർ പങ്കെടുത്ത റോഡ്‌ഷോകളും നടന്നു. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെ കൊട്ടിക്കലാശം ആവേശകരമായി.
ചുവന്നകൊടികൾ പാറിച്ചും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച ബലൂണുകളും തൊപ്പികളും ധരിച്ചുമാണ് പ്രവർത്തകർ എത്തിയത്. യുവാക്കൾ താളത്തിനൊത്ത് ചുവടുകൾവച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോൾ പ്രായംമറന്ന് മുതിർന്ന പൗരരും ആവേശത്തിലായി. കുട്ടികളും മുതിർന്നവർക്കൊപ്പം ആവേശത്തിൽ പങ്കുചേർന്നു.
മാറിയ കേരളം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചാണ് എൽഡിഎഫ് ഇത്തവണ വോട്ട് തേടുന്നത്. പ്രാദേശിക വികസനത്തിന്റെ നട്ടെല്ലായ തദ്ദേശ സർക്കാരുകളുടെ പ്രവർത്തനവും ഒമ്പതരവർഷമായി സംസ്ഥാനത്തുണ്ടായ വികസനക്കുതിപ്പും പ്രധാന ചർച്ചയാക്കിയായിരുന്നു പ്രചാരണം.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് കങ്ങരപ്പടിയിലും സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്‌മണി ചക്കരപ്പറന്പിലും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. കൊച്ചി കോർപറേഷനിലെ പുന്നയ്‌ക്കൽ ജങ്‌ഷനിൽ സ്ഥാനാർഥികൾക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുത്തു. ചെണ്ടമേളത്തിന് ജില്ലാ സെക്രട്ടറി താളംപിടിച്ചതോടെ അണികൾ കൂടുതൽ ആവേശത്തിലായി.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ അരുൺ മൂവാറ്റുപുഴ പായിപ്ര, തൃക്കളത്തൂർ പ്രദേശങ്ങളിലെ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുഷ്പ ദാസ് വാഴക്കുളം തടിയിട്ടപറന്പ് ജങ്‌ഷനിലും സി ബി ദേവദർശനൻ കോലഞ്ചേരി ടൗണിലും കെ എസ് അരുൺകുമാർ നെല്ലാടും ടി സി ഷിബു ഉദയംപേരൂരിലും ഷാജി മുഹമ്മദ് പൈങ്ങോട്ടൂരിലും ആർ അനിൽകുമാർ കോതമംഗലം കുത്തുകുഴിയിലും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.










0 comments