മാറ്റത്തിന്റെ മെട്രോക്കാലം, മാറണം എറണാകുളത്തിനും...

ജെയ്‌സൺ ഫ്രാൻസിസ്
Published on Mar 06, 2026, 02:15 AM | 1 min read
കൊച്ചി
എൽഡിഎഫ് സർക്കാർ സമ്മാനിച്ച വികസനത്തിന്റെ മെട്രോക്കാലമാണ് എറണാകുളത്തിന്റെ കരുത്ത്. കൂടുതൽ കുതിക്കാൻ രാഷ്ട്രീയമാറ്റം അനിവാര്യമെന്ന തിരിച്ചറിവിലാണ് നഗരം.
കേരളത്തിന്റെ വാണിജ്യതലസ്ഥാനമെന്ന പെരുമയും ഖ്യാതിയുമുള്ള ജില്ലയുടെ തലയെടുപ്പാണ് മണ്ഡലം. കച്ചവടത്തിന്റെയും ചരിത്രത്തിന്റെയും സന്പന്നപൈതൃകം പേറുന്ന എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയുമെല്ലാം മണ്ഡലത്തിന്റെ മാത്രമല്ല, സംസ്ഥാനവളർച്ചയുടെ സിരാകേന്ദ്രങ്ങളാണ്. രാജ്യത്തിന്റെ അഭിമാനസ്ഥാപനങ്ങളിലൊന്നായ കൊച്ചി കപ്പൽശാലയുടെ പ്രൗഢിയും മണ്ഡലത്തിനുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിൽ നിരവധി പ്രഗല്‌ഭരെ സംഭാവന ചെയ്‌ത മഹാരാജകീയ കലാലയത്തിന്റെ അഭിമാനത്തിളക്കവും സ്വന്തം. നീതിന്യായമേഖലയിൽ പ്രതിഭകളെ സമ്മാനിച്ച സർക്കാർ ലോ കോളേജും ഇവിടെയാണ്. കൊച്ചി രാജ്യത്തിന്റെ നിയമനിർമാണസഭയായ സെൻട്രൽ അസംബ്ലി ഹാളിന്റെ ഗരിമയുണ്ട് നിയമകലാലയത്തിന്. സെന്റ് മേരീസ് ബസിലിക്കയും എറണാകുളത്തപ്പൻ ക്ഷേത്രവും കലൂർ പള്ളിയും മതസാഹോദര്യത്തിന്റെകൂടി കേന്ദ്രങ്ങളാണ്.
കായികക്കുതിപ്പിന്റെ ഉൗർജമാണ് കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയം. കൊച്ചി കോർപറേഷനിലെ 22 ഡിവിഷനും ചേരാനല്ലൂർ പഞ്ചായത്തും ഉൾപ്പെട്ടതാണ് മണ്ഡലം.
യുഡിഎഫ് കോട്ടയെന്ന് ഉൗറ്റംകൊള്ളുന്പോഴും ചരിത്രമെഴുതിയ എൽഡിഎഫ് വിജയങ്ങൾക്കും മണ്ഡലം സാക്ഷിയായി. കേരളപ്പിറവിമുതൽ തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫിലെ എ എൽ ജേക്കബ്, പി ജെ അലക്‌സാണ്ടർ, അലക്‌സാണ്ടർ പറന്പിത്തറ എന്നിവർ. യുഡിഎഫിന്റെ ജെൈത്രയാത്രയ്‌ക്ക് ആദ്യമായി തടയിട്ടതും എൽഡിഎഫിന്റെ വിജയക്കൊടി പാറിച്ചതും മലയാളത്തിന്റെ മഹാഗുരുനാഥൻ പ്രൊഫ. എം കെ സാനു. 1987ൽ. 1991, 1996 തെരഞ്ഞെടുപ്പുകളിൽ വിജയം യുഡിഎഫിലെ ജോർജ് ഇൗഡനായിരുന്നു. 1998ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ സെബാസ്‌റ്റ്യൻ പോളിലൂടെ മണ്ഡലം ആരുടെയും കുത്തകയല്ലെന്ന് വീണ്ടും തെളിയിച്ചു.
2001ലും 2006ലും കെ വി തോമസ് ജയിച്ചു. 2009 ഉപതെരഞ്ഞെടുപ്പിലും 2011, 2016 തെരഞ്ഞെടുപ്പിലും ഹൈബി ഇൗഡൻ ജയം ആവർത്തിച്ചു. 2019 ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് വിജയിച്ചപ്പോൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. 3750 വോട്ട്. 2021ലും വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ ഹൈബി നേടിയ ഭൂരിപക്ഷത്തിനടുത്ത് എത്താനായില്ല. എറണാകുളത്തെ പ്രതിനിധാനംചെയ്‌തത് യുഡിഎഫായിട്ടും സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമപ്രവർത്തനങ്ങളിൽ വേർതിരിവുണ്ടായില്ല. പ്രാധാന്യം കണക്കിലെടുത്ത് ചേർത്തുപിടിച്ചു. മെട്രോ രണ്ടാംഘട്ടവും സ്വപ്‌നതുല്യമായ കിഫ്‌ബി പദ്ധതികളും അതിന് തെളിവ്.










0 comments