കൂത്താട്ടുകുളത്ത് എൽഡിഎഫ് പ്രതിഷേധം
നഗരത്തിൽ ഓടകൾക്ക് മൂടിയില്ല

ഓടകളുടെ സ്ലാബുകൾ പുനഃസ്ഥാപിക്കാത്തതിൽ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധസമരം
കൂത്താട്ടുകുളം
നഗരത്തിലെ ഓടകളുടെ സ്ലാബുകൾ പുനഃസ്ഥാപിക്കാത്തതിൽ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധസമരം നടത്തി. മാർക്കറ്റ് റോഡിലെ ഓടകൾ പൊളിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. പ്രതിഷേധങ്ങൾക്കിടെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വിവിധയിടങ്ങളിൽ ഓടകൾ തുറന്നുകിടക്കുകയാണ്. എംസി റോഡിലും ഓടകൾ തകർന്നത് നന്നാക്കിയില്ല. ഹൈസ്കൂൾ റോഡിൽ ഓട തകർന്ന ഭാഗത്ത് റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിട്ട് മാസങ്ങൾ പിന്നിട്ടു.
ചിലയിടങ്ങളിൽ നാട്ടുകാർ ഫ്ലക്സ് ബോർഡുവച്ച് ഓട അടച്ചിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി ഓടകളിൽ വീണ് രണ്ടുപേർക്ക് സാരമായ പരിക്കേൽക്കുകയും എട്ടുപേർക്ക് നിസാരപരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കാർ ഓടയിൽ വീണിരുന്നു. നഗരസഭാ ഭരണസമിതിയുടെ വീഴ്ചക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അടിയന്തരമായി ഇടപെട്ട് ഓടകളുടെ സ്ലാബുകൾ പുനഃസ്ഥാപിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
പ്രതിഷേധസമരം നഗരസഭ പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ പി എം ഷൈൻ അധ്യക്ഷനായി. ഷാജി ജോർജ്, സനൂപ് കുളമ്പാടം, ഷീബ രാജു, ബേബി തോമസ്, സന്ധ്യാ മനോജ്, കൃഷ്‌ണ ശ്യാം, ബിൻസി ബിജോ, സലീമ മനോജ് എന്നിവർ സംസാരിച്ചു.









0 comments