മഴ തുടർന്നാൽ അപകടസാധ്യത
ദേശീയപാത നിർമാണത്തിനുള്ള മണൽക്കൂന ഇടിഞ്ഞു ; സമീപത്തെ വീടുകളിൽ ചെളിനിറഞ്ഞു

പറവൂർ
ദേശീയപാത -66 മടപ്ലാതുരുത്ത് അടിപ്പാതയ്‌ക്ക് പടിഞ്ഞാറുവശത്ത് നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മണൽ, കൽപ്പൊടി കൂനകൾ ഇടിഞ്ഞു. ശനി രാത്രി പെയ്ത കനത്ത മഴയത്താണ് സംഭവം. ഇതോടെ മടപ്ലാതുരുത്ത് മേഖലയിൽ 10 വീട്ടുവളപ്പുകളിൽ ചെളി നിറഞ്ഞു.
ഇടപ്പള്ളി–മൂത്തകുന്നം റീച്ചിൽ ദേശീയപാതയിലെ മേൽപ്പാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണത്തിനായി ഒട്ടേറെ സ്ഥലങ്ങളിൽ മണലും കൽപ്പൊടിയും കൂനകൂട്ടിയിട്ടുണ്ട്. ഇനിയും മഴയുണ്ടായാൽ ഇവ ഇടിഞ്ഞ് താഴെയുള്ള വീടുകളിലേക്കെത്തും. ഏതാനും മാസങ്ങൾക്കുള്ളിൽ മഴക്കാലം ശക്തമാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയേറെയാണ്. അതിശക്തമായ മഴയുണ്ടായാൽ വലിയ ദുരന്തങ്ങൾക്കുവരെ കാരണമായേക്കാം. അതിനാൽ, ആവശ്യമായ മുൻകരുതലുകൾ അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടർക്കും ദേശീയപാത -66 പ്രോജക്ട് ഡയറക്‌ടർക്കും പരാതി നൽകിയതായി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് പറഞ്ഞു.










0 comments