ad
Deshabhimani

ലഹരിപടർത്തരുത് ക്യാമ്പസിൽ

lahari

സിസ്റ്റർ റിന്റുമോൾ ജോസ് / എഡ്‌ലിൻ മറിയം സാമുവൽ

avatar
അനിൽ കുറിച്ചിമുട്ടം

Published on Mar 05, 2026, 12:15 AM | 1 min read


​തിരുവല്ല

​ലഹരിക്കെതിരെയുള്ള സന്ദേശമാണ് ബുധനാഴ്‌ച കഥാപ്രസംഗ വേദിയിൽ മുഴങ്ങിക്കേട്ടത്. യൗവനത്തിൽ ലഹരിക്കടിമയായി മാറുന്നവരുടെ കഥപറഞ്ഞ്‌ സിസ്റ്റർ റിന്റുമോൾ ജോസും എഡ്‌ലിൻ മറിയം സാമുവലും കഥാപ്രസംഗവേദിയിൽ വ്യത്യസ്തരായി. "വൈഷ്ണവി' എന്ന മിടുക്കിയായ പെൺകുട്ടിയുടെ കഥയാണ് കോതമംഗലം ഇന്ദിരാഗാന്ധി ട്രെയിനിങ്‌ കോളേജിലെ ബിഎഡ് വിദ്യാർഥി എഡ്‌ലിൻ മറിയം പറഞ്ഞത്. റാങ്കുജേതാവായാണ്‌ വൈഷ്ണവി കോളേജിൽ പഠനത്തിനെത്തിയത്. എന്നാൽ ലഹരിക്കടിമപ്പെട്ടവരുടെ ക്രൂരതയ്‌ക്കിരയായ വൈഷ്‌ണവി ഒടുവിൽ കൊല്ലപ്പെടുന്നു. കോടതിപോലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിടുന്നു. കോടതി വിധി കേട്ട വൈഷ്ണവിയുടെ അമ്മ പ്രതിയെ കോടതി വളപ്പിൽവെച്ചുതന്നെ കൊലപ്പെടുത്തി കോടതിയിൽ കീഴടങ്ങുന്നതാണ് കഥ.


അഞ്ചാം ക്ലാസ് മുതൽ കഥാപ്രസംഗം അവതരിപ്പിക്കുന്ന എഡ്‌ലിന് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിലും സർവകലാശാല മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ എഡ്‌ലിന് അമ്മ ലൈല സാമുവലാണ് "വൈഷ്ണവി'യെ അവതരിപ്പിക്കാൻ പ്രചോദനം നൽകിയത്.


​"തമസോമാ ജ്യോതിർഗമയ' എന്ന കഥയിലൂടെയാണ് നെടുംകുന്നം എസ്ജെബി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ബി എഡ് വിദ്യാർഥിയായ സിസ്റ്റർ റിന്റുമോൾ ജോസ് ലഹരിവിരുദ്ധസന്ദേശം നൽകിയത്. മയക്കുമരുന്നിനും മദ്യത്തിനുമെതിരെ ക്യാമ്പസിൽ പ്രവർത്തിച്ച രാധിക എന്ന പെൺകുട്ടിയെ ലഹരിക്കടിമകളായ മുതിർന്ന വിദ്യാർഥി നരേന്ദ്രനും സംഘവും ചേർന്ന് കൊലപ്പെടുത്തുന്നതാണ് കഥ. സ്കൂളിൽ കഥാപ്രസംഗത്തിന് ഒന്നാംസ്ഥാനം ലഭിച്ചിട്ടുള്ള സിസ്റ്റർ റിന്റുമോൾ പതിനാല് വർഷത്തിനുശേഷമാണ് വീണ്ടും കഥാപ്രസംഗവേദിയിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home